കോട്ടയം: ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി. ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തി ജില്ലാ കളക്ടറാണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്താനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാഴ്സല്‍ സര്‍വീസും ഹോം ഡെലിവറിയും മാത്രം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച്ചകളില്‍ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ഞായറാഴ്ച്ചകളില്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രി സേവനത്തിനായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്.
മറ്റു ദിവസങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ വാഹനഗതാഗതം അനുവദിച്ചിട്ടുള്ളൂ. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് എന്നീ ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ അനുവാദമുള്ളൂ. അവശ്യ സേവനത്തിനുള്ള ജീവനക്കാരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും വനിതകളും അംഗപരിമിതരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ബാധകമല്ല.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ 65 വയസിനു മുകളിലുള്ളവരും പത്തുവയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അസുഖ ബാധിതരും വീടിന് പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണം.