കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗീസന്ദര്‍ശനമടക്കം നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കിടത്തി ചികിത്സയ്ക്ക് നിര്‍ദേശിക്കുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവിനെത്തുടര്‍ന്ന് രണ്ട് വാര്‍ഡുകള്‍ കൂടി തുറന്നു. വാര്‍ഡ് ഒന്‍പത്, പത്ത് എന്നിവയാണ് കൊവിഡ് രോഗികള്‍ക്കായി മാറ്റിയത്. രണ്ട് വാര്‍ഡുകളിലുമായി നൂറ്റിപ്പത്ത് രോഗികളെ പ്രവേശിപ്പിക്കാം. ഇരുന്നൂറോളം കൊവിഡ് രോഗികള്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
ശ്രദ്ധിക്കുക
അത്യാഹിത വിഭാഗത്തില്‍ രോഗികള്‍ക്കൊപ്പം പരമാവധി രണ്ടു പേര്‍ക്ക് മാത്രമാണ് പ്രവേശനം.
അത്യാസന്ന നിലയിലുള്ളവരെ മാത്രം എത്തിക്കാന്‍ ശ്രമിക്കുക, അല്ലാത്തവര്‍ സമീപത്തുള്ള മറ്റ് ആശുപത്രികളില്‍ ചികിത്സ തേടണം.
മറ്റ് ആശുപത്രികളില്‍ നിന്നെത്തുന്ന രോഗികള്‍, പ്രാഥമിക ചികിത്സ തേടിയ ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സ നിര്‍ദ്ദേശിക്കുന്ന കത്ത് കരുതണം.
ഗുരുതരമല്ലാത്ത രോഗികള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ പ്രാഥമിക ചികിത്സ നല്‍കി സ്വദേശത്തെ ആശുപത്രിയിലേക്ക് അയയ്ക്കും.
നിലവില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് അടിയന്തര സാഹചര്യം പരിഗണിച്ച് കൊവിഡ് പരിശോധന ഇല്ല.
അത്യാഹിത വിഭാഗത്തില്‍ നിന്ന് കിടത്തിചികിത്സ നിര്‍ദേശിച്ചാല്‍ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. വാര്‍ഡില്‍ രോഗിക്കൊപ്പം ഒന്നിലധികം ആളുകളുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും.
രോഗിയെ പ്രവേശിപ്പിക്കുമ്ബോള്‍ കൂടെയുള്ള കൂട്ടിരിപ്പുകാര്‍ തന്നെ വേണം ഡിസ്‌ചാര്‍ജ് സമയം വരെ ഉണ്ടാവേണ്ടത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ ഇടയ്ക്ക് മാറ്റം അനുവദിക്കൂ. ഇരുവരും കൊവിഡ് പരിശോധന നടത്തണം. മുന്‍കൂട്ടി നിശ്ചയിച്ച കിടത്തി ചികിത്സക്കെത്തിയാല്‍ കൊവിഡ് പരിശോധനാഫലം കൊണ്ടുവരണം.
രോഗീസന്ദര്‍ശനം നിരോധിച്ചു
കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗീസന്ദര്‍ശനം നിരോധിച്ചു. സന്ദര്‍ശനസമയവും സന്ദര്‍ശന പാസും ഇല്ല.
ഒ.പി. ചികിത്സയ്ക്ക് എത്തുന്നവര്‍ അതത് പ്രദേശത്ത് ആശുപത്രിയില്‍ നിന്നുള്ള കത്തുമായി വരണം. കൂടുതല്‍ പേര്‍ ഒന്നിച്ചെത്തുന്ന ഒ.പി. സന്ദര്‍ശനം പരമാവധി ഒഴിവാക്കുക. കൂടെ ഒരാള്‍ മാത്രം മതി.
ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം
അത്യാഹിത വിഭാഗത്തിലെയും ട്രോമോകെയറിനെയും ശസ്ത്രക്രിയകള്‍ തടസ്സമില്ലാതെ നടക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളില്‍ അടിയന്തര സ്വഭാവമുള്ളത് മാത്രം നടത്തും. ബാക്കിയുള്ളവ ഒഴിവാക്കുകയോ നീട്ടിവെക്കുകയോ ചെയ്യും. രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് പരിശോധന ഉറപ്പാക്കും.
ആശുപത്രി പരിസരത്തെ ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാനാകില്ല. പാഴ്സല്‍ മാത്രം. കുടുംബശ്രീ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകം. ആശുപത്രിയിലും പരിസരത്തും അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടിയാല്‍ നടപടിയെടുക്കും. ആശുപത്രി പരിസരത്ത് മതിയായ കാരണമില്ലാത്തവരെ പ്രവേശിപ്പിക്കില്ല. ഇത്തരക്കാരെ കണ്ടെത്താന്‍ പോലീസ് പരിശോധന ഏര്‍പ്പെടുത്തും.