ഗാന്ധിനഗര്‍ : അവധി നേടുന്നതിന് കോവിഡ് രോഗിയുടെ സാംപിള്‍ സ്വന്തം പേരില്‍ അയച്ചു. ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണം. ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലക്ക് നല്‍കാന്‍ ഇടനിലനിന്ന യുവഡോക്ടര്‍ കൊറോണ രോഗിയുടെ സാമ്പിളില്‍ തന്റെ പേരെഴുതി അയച്ച് അവധിയെടുത്തതായും ആരോപണം ഉയരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗത്തിലെ മൂന്നാം യൂനിറ്റിലെ ഒന്നാംവര്‍ഷ യുവഡോക്ടറാണ് രോഗിയുടെ പേരിനുപകരം തന്റെ പേരേഴുതി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.
രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൂടിയ വിലക്ക് നല്‍കാന്‍ കമ്പനി ഏജന്റിന്റെ ഇടനിലക്കാരനായി നിന്നെന്ന പരാതിയില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരില്‍ ഒരാളാണ് ഇദ്ദേഹം. പരാതിയെത്തുടര്‍ന്ന് മൂന്നംഗ സമിതിയുടെ അന്വേഷണത്തിലും ഈ യുവഡോക്ടറാണ് പ്രധാന കുറ്റവാളിയെന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി ജയകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറുന്നതിന്റെ ഭാഗമായി ചില ഡോക്ടര്‍മാരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്.