കോട്ടയം : എൻ.സി.പി. ജില്ലാ എക്സിക്യുട്ടീവ് ശനിയാഴ്ച ചേരാനിരിക്കേ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസ് എസ്. നേതാവ് സി.എച്ച്.ഹരിദാസ് അനുസ്മരണവും സംഘടിപ്പിക്കുന്നു. മന്ത്രി എ.കെ.ശശീന്ദ്രന്‍റെ നിർദേശപ്രകാരം എൻ.സി.പി. നിർവാഹകസമിതിയംഗം കാണക്കാരി അരവിന്ദാക്ഷനാണ് അനുസ്മരണസമ്മേളനം സംഘടിപ്പിക്കുന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടത്-മതേതര ജനാധിപത്യ കൂട്ടായ്മയുടെ ആവശ്യകത എന്ന വിഷയത്തിൽ പാർട്ടിനേതാവ് വർക്കല രവികുമാർ പ്രഭാഷണവും നടത്തും.
എന്നാൽ തങ്ങളെ അറിയിക്കാതെയാണ് അനുസ്മരണസമ്മേളനം നടത്തുന്നതെന്ന് മാണി സി.കാപ്പനെ അനുകൂലിക്കുന്ന വിഭാഗം ആരോപിച്ചു. എൻ.സി.പി. നേതൃത്വത്തിന്റെ അറിവില്ലാതെയാണ് സമ്മേളനം നടത്തുന്നതെന്നും ജില്ലാനേതൃത്വം പറഞ്ഞു. പാർട്ടിക്ക് എം.എൽ.എ. ഉള്ളപ്പോൾ മാണി സി.കാപ്പന് പകരം വി.എൻ.വാസവനെ ഉദ്ഘാടകനാക്കി. സി.എച്ച്.ഹരിദാസിനൊപ്പം പ്രവർത്തിച്ച നേതാക്കളെപ്പോലും അറിയിച്ചിട്ടില്ല. എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ ജില്ലാ എക്സിക്യുട്ടീവിൽ പങ്കെടുക്കാൻ ജില്ലയിലെത്തുന്നുണ്ട്. അദ്ദേഹത്തെയും വിളിച്ചിട്ടില്ല.
അതേസമയം അനുസ്മരണസമ്മേളനത്തിൽ രാഷ്ട്രീയമില്ലെന്ന് കാണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു. എല്ലാ ജില്ലകളിലും സമ്മേളനം നടത്തുന്നുണ്ട്. മാണി സി.കാപ്പൻ, സാജു ഫിലിപ്പ് എന്നിവരടക്കം എല്ലാ നേതാക്കളെയും വിളിച്ചു. ടി.പി.പീതാംബരൻ ജില്ലയിലെത്തുന്നകാര്യം അറിയില്ല കാണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു. പാലാ സീറ്റ് സംബന്ധിച്ച തർക്കങ്ങൾക്കിടയിലാണ് യോഗം. മാണി സി.കാപ്പനെ അനുകൂലിക്കുന്ന വിഭാഗം യു.ഡി.എഫിലേക്ക് പോകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം എൽ.ഡി.എഫിൽ തുടരുമെന്നും അഭ്യൂഹമുണ്ട്.