കോട്ടയം: കോട്ടയം നഗരസഭയുടെ പഴയ ഗസ്റ്റ് ഹൗസ് അപകട ഭീഷണിയിൽ. കോട്ടയത്തെത്തുമ്പോൾ നടൻ പ്രേംനസീറും സത്യനുമൊക്കെ സ്ഥിരമായി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസാണ് അവഗണിക്കപ്പെട്ട് ഇടിഞ്ഞുവീഴാറായി നിൽക്കുന്നത്. കെട്ടിടം പൊളിക്കുന്നതിനായി ടെൻഡർ വിളിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും 12 കൊല്ലം കൊണ്ടും നടപടിയായില്ല. പഴമയുടെ പ്രൗഢി പേറിയിരുന്ന കോട്ടയം കാരപ്പുഴയിലെ ഗസ്റ്റ് ഹൗസ് പൊളിച്ചു നീക്കുമെന്ന് നഗരസഭ പറഞ്ഞിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. ഇക്കാലയളവുകൊണ്ട് കെട്ടിടത്തിന്റെ പലയിടത്തും ആലുകൾ മുളച്ചുവളർന്നു. തറയും ഭിത്തിയും വിണ്ടുകീറി. കോൺക്രീറ്റ് പാളികൾ അടർന്നുവീണു. നിലവിൽ പൊളിച്ചു മാറ്റാനായി സീൽ ചെയ്തിരിക്കുകയാണ്.
ഒരുകാലത്ത് കെട്ടിടം സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല അതിഥിമന്ദിരങ്ങളിലൊന്നായിരുന്നു. ഇവിടേക്കെത്തുന്ന നടന്മാരായ സത്യനെയും പ്രേംനസീറിനെയും അടൂർ ഭാസിയെയും രാഷ്ട്രീയ നേതാക്കളെയും കാണാൻ ആരാധകർ എപ്പോഴും പുറത്ത് നിലയുറപ്പിച്ചിരുന്നു. അപകട ഭീഷണിയില്ലെന്ന് നഗരസഭ പറയുന്ന കെട്ടിടത്തിന്റെ മറ്റൊരു വശത്ത് കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന നാട്ടുകാർക്കോ ജീവനക്കാർക്കോ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല, ശുചിമുറി ഇല്ല. രാത്രിയായാൽ പിന്നെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം. കെട്ടിടം സംരക്ഷിച്ച് നിലനിർത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും പൂർണ്ണമായി അവഗണിക്കപ്പെട്ട കെട്ടിടത്തെ ഇനി സംരക്ഷിക്കുക പ്രായോഗികമാണോ എന്നും സംശയമുണ്ട്.