കോട്ടയം: കോട്ടയത്തെ പാസ്സ്‌പോര്‍ട്ട് ഓഫീസ് അടച്ചതില്‍ ദുരൂഹതയെന്ന് സൂചന. താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ച നാഗമ്പടത്തെ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ സ്ട്രക്ചറൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കെട്ടിടത്തിനു ബലക്ഷയമില്ലെന്നു കാണിച്ച് ഉടമ ഉഴവൂർ സ്വദേശി സ്റ്റീഫൻ ജോസഫ് നൽകിയ പരാതിയിലാണു നടപടി. പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ ടാറ്റാ കൺസൽറ്റൻസി സർവീസിന്റെ (ടിസിഎസ്) സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്നലെ കെട്ടിടം പരിശോധിക്കാനെത്തിയത്. 12 വർഷമായി കുഴപ്പമില്ലാതിരുന്ന കെട്ടിടം പെട്ടെന്നൊരു ദിവസം അടച്ചിട്ടതിനു പിന്നിൽ ചില സ്ഥാപിത താൽപര്യങ്ങളുണ്ടെന്നു സ്റ്റീഫൻ ആരോപിക്കുന്നു.
തിങ്കളാഴ്ച കറുകച്ചാൽ സ്വദേശിയെക്കൊണ്ട് അധികൃതർ പരാതി എഴുതി വാങ്ങിപ്പിച്ചെന്നും ഒറ്റ ദിവസത്തിനുള്ളിൽ പരാതി കൊച്ചിയിലേക്കും അവിടെ നിന്നു ഡൽഹിയിലേക്കും എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓഫിസ് കോട്ടയത്തു നിന്നു മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രവർത്തനം അവസാനിപ്പിച്ചതെന്നു കഴിഞ്ഞ ദിവസം സിപിഎമ്മും കോൺഗ്രസും ആരോപിച്ചിരുന്നു. കെട്ടിടത്തിന് എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ക്രമീകരിച്ചു നൽകാൻ തയ്യാറാണെന്നും പാസ്പോർട്ട് സേവാകേന്ദ്രം കോട്ടയത്തുതന്നെ നിലനിർത്തണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ കെട്ടിടത്തിനു കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടിയന്തിരമായി ഒഴിയാൻ തീരുമാനിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പുതിയ കെട്ടിടം കണ്ടെത്തി ഓഫിസ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കളക്ടറേറ്റിനു സമീപമുള്ള കെട്ടിടം ഏറ്റെടുക്കാനായി പരിശോധന നടത്തിയെങ്കിലും വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചു. 20,000 ചതുരശ്ര അടിയെങ്കിലുമുള്ള കെട്ടിടമാണു വേണ്ടത്. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള മറ്റൊരു കെട്ടിടവും പരിഗണിക്കുന്നുണ്ട്. ടിസിഎസിന്റെ നേതൃത്വത്തിലാണ് കെട്ടിടത്തിന് അന്വേഷണം നടക്കുന്നത്.