കോട്ടയം: പുവന്തുരുത്ത് ക്രഷര്‍ യൂണിറ്റില്‍ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി നാരായണന് ഡിസ്വാ (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5.30ന് പുവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയായില്‍ പ്രവര്‍ത്തിക്കുന്ന മണക്കാട്ട് അഗ്രിഗേറ്റ് ക്രഷറിലാണ് അപകടമുണ്ടായത്.
സംഭവത്തെത്തുടര്‍ന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ ഫയര്‍ഫോഴ്സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചിന് അപകടത്തില്‍പ്പെട്ട നാരായണനെ കോട്ടയത്തു നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം രാത്രി 7.45ന് ക്രഷറിനുള്ളില്‍ നിന്നും മരിച്ച നിലയില്‍ പുറത്തെടുക്കുകയായിരുന്നു.
മെറ്റലും എംസാന്റും മെറ്റല്‍ പൗഡറും ഉണ്ടാക്കുന്ന യൂണിറ്റിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി താഴെ ലോഡു ചെയ്യുന്ന ഫണലിലേക്ക് വീണാണ് അപകടമുണ്ടായത്. തുടര്‍ന്ന് മെറ്റലും പൊടിപടലവും പുറത്തു വീഴുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം ജാക്ക് ഹാമര്‍ ഉപയോഗിച്ച് ഫണിലിന്റെ ദ്വാരം വലുതാക്കി മെറ്റലും മറ്റു വസ്തുക്കളും പുറത്തേക്ക് മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.