ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കോട്ടയത്തിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന കുന്നുംപുറത്ത് അക്കര സി.ജെ കുര്യൻ കാലഗതി പ്രാപിച്ചിട്ട് നൂറുവർഷങ്ങൾ തികയുന്നു. കോട്ടയം നഗരസഭാദ്ധ്യക്ഷൻ, ശ്രീമൂലം പ്രജാസഭാ അംഗം, മലങ്കര സുറിയാനി സഭാ ട്രസ്റ്റി, പത്രാധിപർ, കാർഷികപ്രമുഖൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സി.ജെ കുര്യൻ അന്തരിച്ചത് 1924 മാർച്ച് 2 നാണ്. ഭൂതകാല സംഭവങ്ങളെയും അവ നടന്ന കാലഘട്ടങ്ങളിൽ നിറഞ്ഞാടിയ വ്യക്തിത്വങ്ങളെയും മന:പൂർവ്വമോ അല്ലാതെയോ മറന്നുകളയുന്ന പ്രവണത കോട്ടയത്തുകാരിൽ രൂഢമൂലമായതിനാലാവാം സി. ജെ. കുര്യനെക്കുറിച്ചുള്ള ഓർമ്മകളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശാനുതകുന്ന ജീവചരിത്രരചനകളും വേണ്ടത്ര നമ്മുടെ മുന്നിൽ ലഭ്യമാകാതെ പോകുന്നത്. കേരളത്തിലെ മലങ്കരസുറിയാനി സഭയുടെ ഏറ്റവും സംഘർഷഭരിതമായ കാലയളവിൽ ആ സമുദായത്തിന്റെ അൽമായ നേതൃസ്ഥാനത്തിരുന്ന് ഒരു പക്ഷത്തിനു വേണ്ടി ശക്തമായി നിലകൊണ്ടതിനാൽ മറുപക്ഷത്തുണ്ടായ എതിർപ്പുകൾ അവസാനകാലത്ത് അദ്ദേഹത്തിന്റെ പൊതുസ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിച്ചതും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണകൾ ദുർബലപ്പെടുന്നതിന് ഒരു കാരണമായിട്ടുണ്ടാവാം. സാമുദായികരംഗത്തെ പ്രവർത്തനങ്ങൾക്ക് അപ്പുറം പൊതുസാമൂഹ്യരംഗത്ത് അദ്ദേഹം ചെയ്ത സംഭാവനകൾ എന്തൊക്കെയെന്ന് പഴയ ചരിത്രത്താളുകളിൽ പരതി ഇനിയും കണ്ടെത്തേണ്ടിവരും.
നസ്രാണികേസരി എന്ന അപരനാമത്തിൽ തിരുവിതാംകൂറിൽ പ്രശസ്തനായിരുന്ന സി. കുര്യൻ റൈറ്ററുടെ സഹോദരന്റെ പുത്രനായിരുന്നു സി.ജെ കുര്യൻ. ഇരുവരും അതതു കാലഘട്ടങ്ങളിൽ തിരുവിതാംകൂറിലെ മഹാരാജാവിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുമായിരുന്നു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ എന്നിവരുടെ ഭരണകാലത്ത് വാണിജ്യം, കൃഷി, വ്യവസായം തുടങ്ങിയ മേഖലയിൽ തന്റെതായ കഴിവു തെളിയിച്ച വ്യക്തിയായിരുന്നു കുര്യൻ റൈറ്റർ. സി. ജെ കുര്യൻ ശ്രീമൂലം തിരുനാളിന്റെ വിശ്വസ്തനും പ്രജാസഭയിൽ അംഗവുമായിരുന്നു. കുര്യൻ റൈറ്ററെ തുടർന്ന് സഹോദരൻ കോര ഉലഹന്നാനും, കോര ഉലഹന്നാൻ 1901-ൽ അന്തരിച്ചതിനെ തുടർന്ന് പുത്രനായ സി.ജെ കുര്യനും യഥാക്രമം മലങ്കര സുറിയാനിസഭയുടെ ട്രസ്റ്റിമാരായിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് പോൾ മെൽവിൻ വോക്കർ എന്ന ബ്രിട്ടീഷുകാരനും കുര്യൻ റൈറ്ററും ചേർന്നു 1860-ൽ സ്ഥാപിച്ച “വെസ്റ്റേൺ സ്റ്റാർ ” എന്ന പത്രമാണ് കേരളത്തിൽ അച്ചടിച്ചുതുടങ്ങിയ ആദ്യത്തെ ഇംഗ്ലീഷ് വർത്തമാനപ്പത്രം. 1865-ൽ പശ്ചിമതാരക എന്ന മലയാളത്തിലുള്ള വർത്തമാനപ്പത്രവും പ്രസിദ്ധീകരിച്ചു തുടങ്ങി. റൈറ്ററുടെ കാലശേഷം ഈ പത്രങ്ങൾ ഏറ്റെടുത്തു നടത്തിയത് സി.ജെ. കുര്യനാണ്.
ചാവക്കാട് മുതൽ കൊച്ചി വരെയുള്ള വിവിധ പ്രദേശങ്ങളിൽ അഞ്ഞൂറിൽപരം ഏക്കർ സ്ഥലത്ത് തെങ്ങിൻതോപ്പുകൾ വാങ്ങി അവിടെ ഉത്പാദിപ്പിക്കുന്ന തേങ്ങയിൽ നിന്നുള്ള വെളിച്ചെണ്ണ സോപ്പു നിർമ്മാണത്തിനും മറ്റുമായി കുര്യൻ റൈട്ടർ വിദേശങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. പിൽക്കാലത്ത് ആ ചുമതല സി.ജെ കുര്യനിൽ വന്നു ചേർന്നെങ്കിലും നെൽകൃഷിയിലാണ് അദ്ദേഹം കൂടുതൽ താൽപ്പര്യം വച്ചത്. കുട്ടനാട്ടിലെ നിലച്ചുപോയ കായൽകൃഷി പുനരാരംഭിക്കുന്നതിന് സർക്കാർ തലത്തിൽ അനുമതി നേടിയെടുത്തത് സി.ജെ. കുര്യനാണ്. 1862 മുതൽ 1903 വരെയുള്ള കാലഘട്ടത്തിൽ പള്ളിത്താനം ലൂക്കാ മത്തായിയും ചാലയിൽ പണിക്കർമാരും മറ്റു ചിലരുമാണ് കുട്ടനാട്ടിൽ ആദ്യമായി കായൽ കുത്തിയെടുത്ത് കൃഷിയാരംഭിച്ചത്. (മുരിക്കൻ 1940 കളിലാണ് ഈ മേഖലയിലേക്ക് എത്തുന്നത്). കുട്ടനാട്ടിലെ ഇത്തരം പ്രവർത്തനങ്ങൾ കൊച്ചി തുറമുഖത്തിന് ദോഷകരമായി ബാധിക്കുമെന്ന് ഉന്നയിച്ച് ബ്രിട്ടീഷ് റെസിഡന്റ് 1903 ൽ തിരുവിതാംകൂർ മഹാരാജാവിൽ സമ്മർദ്ദം ചെലുത്തി കായൽ കുത്തിയെടുക്കുന്നത് നിരോധിച്ചിരുന്നു. ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന സി.ജെ. കുര്യൻ പ്രഗത്ഭരായ എൻജിനീയർമാരെ കൊണ്ട് വിദഗ്ധപഠനം നടത്തി കായൽനിലം ഒരുക്കിയെടുക്കുന്നതു കൊണ്ട് കൊച്ചി പോർട്ടിന് യാതൊരു ദോഷവും സംഭവിക്കില്ല എന്ന റിപ്പോർട്ട് പ്രജാസഭയിൽ അവതരിപ്പിച്ചു. ബ്രിട്ടീഷ് അധികൃതർക്ക് ഇത് ബോധ്യപ്പെടേണ്ടി വന്നതിനാൽ കായൽ കുത്തുന്നതിനുള്ള സർക്കാർ വിലക്ക് പിൻവലിക്കേണ്ടിവന്നു.
തുടർന്ന് 1912-ൽ പള്ളിത്താനം ലൂക്കാ മത്തായി, കൊട്ടാരത്തിൽ കൃഷ്ണയ്യർ എന്നിവരോടു ചേർന്ന് സി.ജെ കുര്യൻ “ഇരുപത്തിനാലായിരം കായൽ ” എന്നു വിളിക്കുന്ന 2400 ഏക്കർ വിസ്തൃതിയുള്ള E-Block കുത്തിയെടുത്ത് കൃഷിയോഗ്യമാക്കി. കുട്ടനാട്ടിലെ ഏറ്റവും വിസ്തീർണ്ണമുള്ള കായൽനിലമാണിത്. കൂടാതെ 1917-ൽ കാഞ്ഞിരം മലരിക്കലിനു പടിഞ്ഞാറ് 908 ഏക്കർ വിസ്തൃതിയുള്ള “ഒമ്പതിനായിരം പാടശേഖരം (J-Block)” സി.ജെ. കുര്യൻ മുൻകൈയെടുത്ത് കുത്തിയെടുത്തു. ഇതിനു പടിഞ്ഞാറുള്ള 661 ഏക്കർ വരുന്ന “മാരാൻ കായൽ (K-Block)” അതിനോടു ചേർന്ന 145 ഏക്കർ വരുന്ന “ആപ്പുകായൽ (L- Block) എന്നിവയും അതേ കാലയളവിൽ തന്നെ കുത്തിയെടുത്ത് കൃഷി ആരംഭിച്ചു. തിരുവാർപ്പിനോട് ചേർന്നുകിടക്കുന്ന 276 ഏക്കറുള്ള M-Block 261 ഏക്കറുള്ള N-Block എന്നീ തരിശുകളും കരി തെളിച്ച് കൃഷിക്ക് ഉപയുക്തമാക്കിത്തീർത്തത് സി.ജെ കുര്യനാണ്. 5500 ൽപരം ഏക്കർ സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്ത് ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പുത്തനങ്ങാടിയിൽ നിന്ന് വലിയ തോതിൽ നെല്ലും അരിയും മറ്റു പ്രദേശങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ കഴിഞ്ഞത് കായൽ കൃഷിയുടെ തുടക്കത്തിലായിരുന്നു.
1920-ൽ കോട്ടയം നഗരസഭ സ്ഥാപിക്കപ്പെടുമ്പോൾ ആദ്യത്തെ പ്രസിഡണ്ട് പി.ടി.തോമസ് പാലാമ്പടമായിരുന്നു എങ്കിലും നഗരസഭയുടെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത് സി.ജെ കുര്യൻ ആയിരുന്നു. 1922-ൽ സി.ജെ. കുര്യൻ രണ്ടാമത്തെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് മുനിസിപ്പൽ ചെയർമാൻ എന്ന പദവിയല്ല ഉണ്ടായിരുന്നത്. നോമിനേറ്റ് ചെയ്യപ്പെടുന്ന പ്രസിഡണ്ട് സ്ഥാനമായിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവാണ് സി.ജെ കുര്യനെ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. 1924-ൽ മരിക്കുന്നതുവരെ രണ്ടുവർഷക്കാലം മാത്രമേ അദ്ദേഹത്തിന് ആ സ്ഥാനത്തിരിക്കാൻ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ആ കാലയളവിൽ ജനോപകാരപ്രദമായ പല നടപടികളും സ്വീകരിക്കുകയും നഗരവികസനത്തിന് ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമുണ്ടായി. സി.ജെ കുര്യന്റെ നേതൃത്വത്തിൽ സ്ഥാപിതമായ റിക്രിയേഷൻ ക്ലബ്ബിന് ശ്രീമൂലം തിരുനാളിന്റെ കോട്ടയം സന്ദർശനത്തിന്റെ സ്മരണയ്ക്കായി “രാമവർമ്മ യൂണിയൻ ക്ലബ് ” എന്നു നാമകരണം ചെയ്തതും അദ്ദേഹമാണ്. 1901 മുതൽ 1924-ൽ തന്റെ മരണം വരെയും സി.ജെ. കുര്യൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു.
സി.ജെ. കുര്യൻ, മലങ്കര സുറിയാനി സഭയുടെ ട്രസ്റ്റിയായി 1901 ഏപ്രിൽ 24-ാം തീയതി ഐകകണ്‌ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ വിഭജനത്തിനു ശേഷം യാക്കോബായ സഭയുടെ ട്രസ്റ്റിയായി തന്റെ മരണം വരെയും ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. തന്റെ ഉറ്റസുഹൃത്തും തിരുവിതാംകൂർ ദിവാനുമായിരുന്ന പി.രാജഗോപാലാചാരിയുടെ ശുപാർശ പ്രകാരം മദ്രാസിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന സർ സി. പി. രാമസ്വാമി അയ്യരെ സഭാക്കേസിൽ വാദിക്കുന്നതിനായി തിരുവിതാംകൂറിലേക്ക് ആദ്യമായി ക്ഷണിച്ചുകൊണ്ടുവന്നത് സി. ജെ കുര്യനാണ്. പിന്നീടാണ് സർ സി.പി തിരുവിതാംകൂറിലെ ദിവാനായി മാറുന്നത്. തന്റെ പക്ഷത്തിനു വേണ്ടി കേസ് നടത്തുന്നതിനുള്ള ചെലവ് സി.ജെ കുര്യൻ വ്യക്തിപരമായാണ് വഹിച്ചത്. താൻ നേതൃത്വം വഹിച്ച് കുത്തിയെടുത്ത പാടശേഖരങ്ങളിൽ മുക്കാലും പല തവണയായി വിറ്റാണ് അതു സാധ്യമാക്കിയത്. തന്റെ ജീവിതകാലയളവിൽ നിരവധി സംരംഭങ്ങളുടെ അമരക്കാരനായിരുന്ന സി.ജെ കുര്യൻ മരണസമയത്ത് തികച്ചും പാപ്പരായിത്തീർന്നിരുന്നു.!
കോട്ടയത്തെ പ്രശസ്തമായ കുന്നുംപുറത്ത് അക്കര കുടുംബത്തിൽ നസ്രാണി കേസരി സി. കുര്യൻ റൈട്ടറുടെ ജ്യേഷ്ഠനായ കോര ഉലഹന്നാന്റെ രണ്ടാമത്തെ പുത്രനായി 1862-ലാണ് സി.ജെ. കുര്യൻ പിറന്നത്. പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തെക്കുംകൂർ രാജാവായിരുന്ന കോതവർമ്മയുടെ ക്ഷണം സ്വീകരിച്ച് രാജാവിന്റെ അകമ്പടിക്കാരനായി കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്ത് കുടിയേറി താമസിച്ച കുര്യൻ എന്ന വ്യക്തിയാണ് കുന്നുംപുറത്ത് കുടുംബത്തിന്റെ അറിയപ്പെടുന്ന ആദ്യത്തെ പൂർവ്വികൻ. സായാഹ്നസവാരിക്കിടെ പള്ളിക്കോണം പാടത്തിന് സമീപം വെച്ച് രാജാവിനെ ഒരു കാളയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതിനു പ്രത്യുപകാരമായി കുര്യന് പള്ളിക്കോണം പാടശേഖരത്തിന്റെ വലിയൊരു ഭാഗം രാജാവ് സമ്മാനമായി നൽകി. തളിയിൽ കുന്നിൻപുറത്ത് കോട്ടയുടെ കിഴക്കേവാതിലിനോട് ചേർന്ന ആദ്യത്തെ വീടായിരുന്നു കുന്നുംപുറത്തു വീട്. തളിയിലും കൊട്ടാരത്തിലും എണ്ണ തൊട്ടു ശുദ്ധിയാക്കുന്ന ചുമതലയും ഇവർക്കുള്ളതായിരുന്നു. ചെറിയപള്ളിയുടെ നിർമ്മാണവേളയിൽ പണി തടസ്സപ്പെടുത്താൻ വരുന്ന അക്രമികളെ കൈകാര്യം ചെയ്യാൻ രാജാവ് നിയോഗിച്ചിരുന്നത് കുര്യനെയും സഹോദരനെയുമായിരുന്നു. ഈ കുര്യന്റെ നാലാമത്തെ തലമുറയിലെ ഇട്ടീര കോരയും രാജസേവകൻ എന്ന നിലയിൽ പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു പുത്രന്മാർ രണ്ടിടത്തായി മാറിത്താമസിച്ചപ്പോൾ കുന്നുംപുറത്തു കുടുംബം ഉപ്പൂട്ടിൽ, കുന്നുംപുറത്ത് എന്നിങ്ങനെ രണ്ടായി. കുന്നുംപുറത്ത് ശാഖ മീനച്ചിലാറിന്റെ മറുകരയിലെ മര്യാത്തുരുത്തിലേക്ക് മാറിത്താമസിച്ചതോടെ ആ കുടുംബത്തിന് അക്കര എന്ന് വീട്ടുപേരായി. അങ്ങനെ മൂലകുടുംബത്തിന്റെയും ശാഖയുടെയും പേര് ചേർത്ത് അക്കര കുന്നുപുറത്ത് എന്ന കുടുംബനാമത്തിലാണ് കുര്യൻ റൈട്ടറും സി.ജെ. കുര്യനുമൊക്കെ അറിയപ്പെട്ടത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സി.ജെ.കുര്യൻ പിതൃസഹോദരനെ ബിസിനസ് കാര്യങ്ങളിൽ സഹായിക്കാൻ ഒപ്പം ചേർന്നു. കുര്യൻ റൈറ്ററുടെ ചാവക്കാടുള്ള തെങ്ങിൻ തോപ്പുകളുടെയും കൊച്ചിയിലെ വ്യാപാരങ്ങളുടെയും മേൽനോട്ടം സി.ജെ. കുര്യനിൽ വന്നുചേർന്നു. എക്സൈസ് വകുപ്പ് ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് കള്ള്, ചാരായം, കഞ്ചാവ്, കറപ്പ് എന്നിവയുടെ കച്ചവടത്തീരുവ കുര്യൻ റൈറ്ററിൽ നിക്ഷിപ്തമായിരുന്നു. കുര്യൻ റൈറ്റർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പുത്രനായിരുന്ന സി. ചെറിയാന് കുഞ്ഞുഞ്ഞു മുതലാളി) പതിനാലു വയസു മാത്രമായിരുന്നു പ്രായം എന്നതിനാൽ തുടർന്നു സി.ജെ. കുര്യനാണ് ചുമതലകൾ ഏറ്റെടുത്തു നടത്തിയത്. നിലച്ചുപോയ വെസ്റ്റേൺ സ്റ്റാർ പത്രം തിരുവനന്തപുരത്തു നിന്ന് പുന:പ്രസിദ്ധീകരിച്ചു. തിരുവിതാകൂർ രാജാവിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നതിനാൽ അക്കാലത്ത് തിരുവിതാംകൂറിൽ നടന്ന ജനകീയപ്രക്ഷോഭങ്ങളെ പലപ്പോഴും വിമർശിച്ചാണ് കുര്യൻ വേസ്റ്റേൺ സ്റ്റാറിൽ എഴുതിയത് എന്ന ഒരു ആക്ഷേപവും നിലവിലുണ്ട്. അതുമൂലമുണ്ടായ രാജപ്രീതി സി.ജെ. കുര്യന് വ്യക്തിപരമായി പല ആനുകൂല്യങ്ങൾക്കും ഇടയാക്കിയിട്ടുണ്ടത്രേ !
തിരുവനന്തപുരത്തെ വാസത്തിനിടയിലാണ് പാളയം സെന്റ് ജോർജ് പള്ളിയുടെ നിർമ്മാണത്തിന് സി.ജെ കുര്യൻ നേതൃത്വം കൊടുക്കുന്നത്. ആ പള്ളിയിലെ വലിയ മണി 1000 രൂപ ചെലവിൽ അമേരിക്കയിൽ നിന്നു വരുത്തി സി. ജെ. കുര്യൻ സംഭാവന ചെയ്തതാണ്. സി. ജെ കുര്യൻ ആദ്യം വിവാഹം ചെയ്തത് കോട്ടയത്ത് പുത്തനങ്ങാടി കൊച്ചുപുരയ്ക്കൽ കുടുംബത്തിൽ നിന്നാണ്. ആദ്യഭാര്യയുടെ മരണശേഷം മുളന്തുരുത്തി തുകലൻ കുടുംബത്തിൽ നിന്നും രണ്ടാം വിവാഹം ചെയ്തു. രണ്ടു ഭാര്യമാരിലുമായി നാല് ആൺമക്കളും മൂന്നു പെൺമക്കളുമുണ്ടായി. പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ജീവിതസായാഹ്നത്തിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാതെ പോയത് സഭാവ്യവഹാരങ്ങളിൽ സദാ മുഴുകിയിരുന്നതിനാൽ ആയിരിക്കാം. തിരുവനന്തപുരത്തു നിന്നുള്ള ഇടക്കാലവിധി സി.ജെ കുര്യന് അനുകൂലമായി ഉണ്ടായെങ്കിലും സ്വത്തെല്ലാം നഷ്ടമായതിനാൽ ഒപ്പം നിന്നവർ കൈവിട്ടത് അദ്ദേഹത്തെ മാനസികമായി തളർത്തി. ആരോഗ്യം ക്ഷയിച്ച് കിടപ്പിലായി. തന്റെ അറുപത്തിരണ്ടാമത്തെ വയസിലാണ് സി.ജെ. കുര്യൻ മരണമടയുന്നത്. കോട്ടയം പുത്തൻ പള്ളിയിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തത്. തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ അനുശോചനമറിയിച്ചതു കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ വർത്തമാനപത്രങ്ങളിലൂടെയും സംസ്കാരച്ചടങ്ങിൽ നേരിട്ടെത്തിയും സി.ജെ കുര്യന്റെ സംഭാവനകളെ സ്മരിച്ചുകൊണ്ട് അനുശോചനം രേഖപ്പെടുത്തി.
സി.ജെ കുര്യനെക്കുറിച്ചുള്ള സ്മരണകളിൽ കേട്ടറിഞ്ഞിട്ടുള്ള ഒരു സംഭവം അവസാനമായി പങ്കുവയ്ക്കാം:- കുട്ടനാട്ടിലെ മങ്കൊമ്പിലെ തമിഴ് ബ്രാഹ്മണർ ധനാഢ്യൻമാർ ആയിരുന്നു. കർഷകർക്ക് വിത്തും പണവും പലിശയ്ക്കു കൊടുത്താണ് ഇക്കൂട്ടൽ സാമ്പത്തികമായ മേൽക്കോയ്മ നേടിയിരുന്നത്. പലിശയും പലിശയ്ക്കുപലിശയും ഒരു വിട്ടുവീഴ്‌ചയം കൂടാതെ തിരിച്ചു പിടിച്ചിരുന്നതിനാൽ വൈകാതെ കടക്കാരുടെ വസ്തുക്കൾ അവരുടെ കൈവശമായിത്തീരും. അന്നത്തെ ധനാഢ്യരിൽ പ്രമുഖനായിരുന്നു മങ്കൊമ്പിൽ പട്ടർ. ക്രിസ്ത്യാനികൾ ഉൾപ്പെടെ മറ്റു ജാതിക്കാർ പട്ടൻമാരുടെ വീടുകളിൽ ചെന്നാൽ നിലത്തിരിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പൊതുവേദികളിലും ഇതുതന്നെ പാലിക്കേണ്ടിയിരുന്നു. സി. ജെ. കുര്യൻ ഇങ്ങനെയുള്ള യോഗങ്ങളിൽ പോകാതെ ഒഴിഞ്ഞുമാറും. കായൽ കുത്തിയെടുത്തുള്ള കൃഷിയെക്കുറിച്ച് ആലോചിക്കുവാൻ ഒരിക്കൽ കൃഷിക്കാരെല്ലാം ചേർന്ന് മങ്കൊമ്പിലെ കുളങ്ങര മഠത്തിൽ ഒരു യോഗം സംഘടിപ്പിച്ച് അന്നത്തെ ദിവാൻ രാജഗോപാലാചാരിയെ കൊണ്ടുവന്നു. കൃഷിക്കാരായ നാട്ടുകാരെല്ലാം മഠത്തിലെ വള്ളപ്പുരയ്ക്കു മുൻവശത്തുള്ള മുറ്റത്ത് ചിക്കുപായയിൽ സ്ഥാനം പിടിച്ചു. അധ്യക്ഷനായ രാജഗോപാലചാരിക്കും മഠത്തിലെ സ്വാമിക്കും മാത്രമായി രണ്ടു കസേര വേദിയിൽ ഇട്ടിരുന്നു. ഈ യോഗത്തിന് സംബന്ധിക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നു കരുതി ദിവാന്റെ ഒപ്പം സി. ജെ. കുര്യനും വരേണ്ടി വന്നു. ഇരുവരും ബോട്ടിൽ നിന്നിറങ്ങി യോഗസ്ഥലത്തെത്തി. മുറ്റത്ത് ഇരുന്നവരെല്ലാം ബഹുമാനസൂചകമായി എഴുന്നേറ്റു. വേദിയിലേക്ക് കയറിയ ദിവാൻ രണ്ട് കസേരകളിൽ ഒന്നിൽ സി.ജെ കുര്യനോട് ഇരിക്കാൻ പറഞ്ഞു. ജനങ്ങളോട് ഇരിക്കാൻ പറഞ്ഞിട്ട് മറേറ കസേരയിൽ അദ്ദേഹവും ഇരുന്നു. തനിക്കായി ഇട്ടിരുന്ന കസേര നസ്രാണിക്ക് പോയതിനാൽ മഠത്തിലെ വലിയസ്വാമിക്ക് നിൽക്കേണ്ടി വന്നു. സദസ്യർ ഊറിചിരിച്ചു. ഇതുകണ്ട ഉടനേ മഠത്തിലെ കാര്യസ്ഥൻ വേറൊരു കസേര സ്വാമിക്കായി കൊണ്ടുവന്ന് ഇട്ടു കൊടുത്തു. അന്നുമുതൽ കുട്ടനാട്ടിൽ നസ്രാണിയും വിദ്യാഭ്യാസം നേടിയ മറ്റു സമുദായക്കാരും തങ്ങളുടെ മുന്നിൽ നിലത്തിരുന്നേ പറ്റൂ എന്ന ശാഠ്യം പട്ടൻമാർ വെടിഞ്ഞു എന്നാണ് കേൾവി. കടപ്പാട് >പള്ളിക്കോണം രാജീവ്