കല്പറ്റ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 10ന് രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് പോളിങ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും.
പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിര്‍ത്തണം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണം ഒന്‍പതിന് രാവിലെ മുതല്‍ നടക്കും. അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് വിതരണം ചെയ്യുക. ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് സജ്ജീകരിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ വോട്ടുയന്ത്രങ്ങള്‍ സ്വീകരിക്കും. 16ന് വോട്ടെണ്ണല്‍ ഇവിടങ്ങളില്‍തന്നെ നടക്കും.