ദോഹ : ഖത്തറില്‍ ഇന്ന് ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധ മൂലമുള്ള മരണം മൂന്നായി. ഇന്ന് 111 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം 946 ആയി കുത്തനെ ഉയര്‍ന്നു. കടുത്ത ന്യൂമോണിയ ബാധിച്ച് 85 വയസ്സുകാരനായ പ്രവാസിയാണ് ഇന്നു മരിച്ചത്. ബുധനാഴ്ച്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ യാത്ര കഴിഞ്ഞെത്തിയവരും രോഗികളുമായി ഇടപഴകിയവരും ഉള്‍പ്പെടുന്നു. ഇന്ന് ഒരാള്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ കൊറോണ വൈറസ് ബാധ സുഖപ്പെട്ടവരുടെ എണ്ണം 72 ആയി. 877 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.