കൊച്ചി : കൊറോണയെ തുടർന്ന് ആശുപത്രികളിലെ രക്തബാങ്കുകല്‍ വരളുന്നു. കൊവിഡ് ഭീതിയില്‍ സംസ്ഥാനത്തെ രക്തബാങ്കുകളില്‍ രക്തക്ഷാമം രൂക്ഷം. ജനം ആശുപത്രികളെ പേടിച്ച് തുടങ്ങിയതോടെ രക്തദാനത്തിന് ആളെത്തേടി അര്‍ബുദ രോഗികളും ശസ്ത്രക്രിയ കാത്തു കഴിയുന്നവരും നെട്ടോട്ടമോടുകയാണ്. ആശുപത്രികളിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിന്ന് ഒരു കാരണവശാലും രോഗം പകരില്ലെന്നും രക്തദാനം സുരക്ഷിതമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഉറപ്പു നല്കുന്നു.
കൊവിഡ് ഏറ്റവുമധികം ദുരിതത്തിലാക്കിയിരിക്കുന്നത് ആര്‍സിസിയിലടക്കം ചികിത്സ തേടുന്ന അര്‍ബുദ രോഗികളേയും പ്രസവ ശസ്ത്രക്രിയ ആവശ്യമുളളവരെയും അപകടങ്ങളില്‍ പെടുന്നവരെയുമാണ്. രക്തവും രക്ത ഘടകങ്ങളും കിട്ടാക്കനിയായി. അവിടെയും ഇവിടെയുമൊക്കെ രോഗബാധയുണ്ട് രക്തം, സൂചി എന്നിവ വഴി പകരും തുടങ്ങിയ വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങി സന്നദ്ധ രക്തദാനത്തിന് ആശുപത്രികളിലേയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ആശുപത്രികളില്‍ ഐസൊലേഷനില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുന്നതും ജനത്തെ അകറ്റുന്നു. ശസ്ത്രക്രിയയും മറ്റും നിശ്ചയിച്ചിരിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടത്തിലാണ്. സന്നദ്ധ രക്തദാനത്തിന് ജനങ്ങള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകും. സ്കൂളുകളും കോളജുകള്‍ അടച്ചതോടെ വിദ്യാര്‍ഥികളുടെ സന്നദ്ധരക്തദാനവും നിലച്ചു. അര്‍ബുദ രോഗികളടക്കമുള്ളവര്‍ ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതിയുണ്ടാകരുത്.