പത്തനംതിട്ട : കോഴഞ്ചേരി ഇലന്തൂർ പിഐപി കനാലിന് സമീപമുള്ള കനാൽ ബണ്ടിന്റെ അതിർത്തി ഒരു മാസത്തിനകം അളന്ന് പുനർനിർണയിച്ച് കമ്മീഷനെ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഇക്കാര്യം ആവശ്യപ്പെട്ട് കോഴഞ്ചേരി പിഐപി സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ 2018 മുതൽ കോഴഞ്ചേരി തഹസീൽദാർക്ക് നിരന്തരം കത്ത് നൽകിയിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
കോഴഞ്ചേരി തഹസീൽദാർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. ഇലന്തൂർ സ്വദേശിനി സരസ്വതിയമ്മ നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ വീടിന് സമീപമുള്ള ബണ്ടാണ് കാട് കയറി കിടക്കുന്നത്. കനാൽബണ്ടിന്റെ അതിർത്തി കല്ലുകൾ പിഴുത് മാറ്റിയ നിലയിലാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. അതിർത്തി നിർണയിച്ച് കാട് വെട്ടി തെളിച്ചാൽ മാത്രമേ റോഡ് ഗതാഗതയോഗ്യമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.