കോഴഞ്ചേരി : നാടിന്‍റെ നന്മയ്ക്കായി റെസിഡന്‍റ്സ് അസോസിയേഷന്‍ പോലുള്ള സൗഹൃദ കൂട്ടായ്മകള്‍ രൂപപെടണമെന്നും മാലിന്യവിമുക്തമായ നാട് സമൂഹത്തിന് അനിവാര്യമാണെന്നും വീണാ ജോര്‍ജ്ജ് എം.എല്‍.എ. പറഞ്ഞു. കോഴഞ്ചേരി ഈസ്റ്റ് റെസിഡന്‍റ്സ് അസോസിയേഷന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
കോഴഞ്ചേരി മൂത്തൂറ്റ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണ്ണദേവി നിര്‍വ്വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും റെസിഡന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ മിനി ശ്യാം മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി ഈശോ ആദരിച്ചു.
ജനറല്‍ മെഡിസിന്‍, അസ്ഥിരോഗ വിഭാഗം , ജനറല്‍ സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ദരായ ഡോ. എ.എന്‍. ശാന്തമ്മ, ഡോ. ചെറിയാന്‍ മാത്യൂ, ഡോ. മുരളി കൃഷ്ണന്‍, ഡോ. സിമി തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജീവിതശൈലി ബോധവത്കരണ സെമിനാര്‍, സൗജന്യ കൊളസ്ട്രോള്‍, ഷൂഗര്‍, രക്ത പരിശോധനകള്‍ നടന്നു.
ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, സെക്രട്ടറി ബാബു വടക്കേല്‍, അനില്‍ മേമല, ഡോ. പി.എം. മാത്യൂ, പി. ജെ. എബ്രഹാം, കെ. പി. ശശാങ്കാന്‍, സോമശേഖരന്‍ നായര്‍, ജോണ്‍സണ്‍ മാത്യൂ തെക്കോട്ടില്‍, റോയി ഫിലിപ്പ്, സുജിത്ത് സെന്‍, സിറിള്‍ സി മാത്യൂ, ലിജി സാബു എന്നിവര്‍ പ്രസംഗിച്ചു.