കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതോടെ ചുരം റോഡിൽ രൂക്ഷമായ ഗതാഗത തടസ്സം. ചെറുവാഹനങ്ങൾ മാത്രമാണു നിലവിൽ ഒരു വരിയായി ആറാം വളവിലൂടെ കടന്നുപോകുന്നത്. നിരവധി ദീർഘദൂര ബസുകളും ചരക്കുവണ്ടികളും വഴിയിൽ കുടുങ്ങി. രാവിലെ ഏഴേകാലോടെയാണു ചുരം കയറുകയായിരുന്ന കെഎസ്ആർടിസി ബസ് യന്ത്രത്തകരാർ കാരണമാണ് ആറാം വളവിൽ കുടുങ്ങിയത്. ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായതിനാൽ ചുരത്തിൽ രാവിലെ തന്നെ വാഹനങ്ങൾ ഏറെയാണ്. ബസ് കുടുങ്ങിയതിനാൽ ചെറുവാഹനങ്ങളാണു കടത്തിവിട്ടത്. ഒൻപതു മണിയോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് അടിവാരം വരെ നീണ്ടു.
മണിക്കൂറുകളോളം കാത്തുനിന്ന ശേഷവും ഫലമില്ലാത്തതിനെ തുടർന്ന് ചില യാത്രക്കാർ ബസ്സുകളിൽനിന്ന് ഇറങ്ങി കാൽനടയായി യാത്ര തുടരുകയാണ്. ചുരം വഴി നടന്നുപോകുന്ന യാത്രക്കാർ മറ്റു ചെറിയ വാഹനങ്ങൾക്കു കൈകാണിച്ച് കയറിയും മറ്റുമാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ ശ്രമിക്കുന്നത് ആറ്, ഏഴ്, എട്ട് വളവുകളിൽ ചുരത്തിന്റെ വീതികൂട്ടൽ പണികളും നടക്കുന്നതിനാൽ റോഡിൽ നിലനിൽക്കുന്ന അനുബന്ധമായ തടസ്സങ്ങൾക്കൊപ്പമാണ് കെഎസ്ആർടിസി ബസ് കൂടി കുടുങ്ങി യാത്രാതടസ്സം ഉണ്ടായത്. യന്ത്രത്തകരാർ പരിഹരിക്കാനായില്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് ബസ് നിരത്തുവക്കിലേക്കു മാറ്റി ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
ഇതിൽ ഏതു രീതിയിലായാലും ഉച്ചകഴിഞ്ഞു മാത്രമേ ഗതാഗതം പൂർവസ്ഥിതിയിൽ ആകുകയുള്ളു എന്നാണു സൂചന. അത്യാവശ്യ യാത്രക്കാർ സമയം മുൻകൂട്ടി ക്രമീകരിച്ചു യാത്ര തിരിക്കുകയോ ബദൽ പാതകൾ ഉപയോഗിക്കുകയോ ചെയ്യുന്നതാകും നല്ലതെന്നാണ് ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും അറിയിക്കുന്നത്. ട്രാഫിക് പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരുമാണു ഗതാഗതം നിയന്ത്രിക്കുന്നത്. ഞായറാഴ്ചയും അഞ്ച്, ആറ് വളവുകളിൽ കണ്ടെയ്നർ ലോറി കുടുങ്ങിയതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിൽ ചുരം കയറാനെത്തി ആറാം വളവിൽ കുടുങ്ങിയ ലോറിയിൽ മതിയായ ഇന്ധനം നിറച്ചിരുന്നില്ലെന്നു കണ്ടെത്തി പിഴയും ചുമത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ചുരത്തിൽ ഗതാഗതം സാധാരണ നിലയിലായത്.
































