കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ചാണ് എംഎസ്പിയിലെ സിവിൽ പോലീസ് ഓഫിസറായ വടകര സ്വദേശി കെ.ആദർശിനെ(25) കുത്തി പരുക്കേൽപ്പിച്ചത്. ചികിത്സ തേടിയ ആദർശ് പ്രഥമ ശുശ്രൂഷയ്ക്കു ശേഷം രാത്രി തന്നെ ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്ക്വയറിൽ വച്ചായിരുന്നു സംഭവം. കണ്ടാലറിയാവുന്ന ആറു പേരെ പ്രതിയാക്കി ടൗൺ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പുലർച്ചെയോടെ മൂന്നു പേർ പിടിയിലായി. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. രാമനാട്ടുകര സ്വദേശികളായ രജാദ്(38), ബെന്നി ലോയിഡ്(48), നന്ദകുമാർ(25) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് പട്രോളിങ് നടത്തുന്നതിനിടെ മാനാഞ്ചിറ സ്ക്വയറിന് ഉള്ളിൽ പ്രശ്നം ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം എത്തുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ ആറു പേർ ഒന്നിച്ചു നിൽക്കുന്നതായി കണ്ടു. ഇതിൽ രണ്ടു പേർ പോലീസിനെ കണ്ട് ഓടിയതോടെ മറ്റു നാലു പേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കയ്യിലുണ്ടായിരുന്ന സിറിഞ്ച് കൊണ്ട് പോലീസുകാരന്റെ വലതുകൈയിൽ കുത്തി പരുക്കേൽപ്പിച്ചത്. ഇതിനു പിന്നാലെ ഇവരും ഓടി മറയുകയായിരുന്നു. അതിക്രമത്തിനു പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. മറ്റു മൂന്നു പേർക്കായി പോലീസ് തിരച്ചിൽ പുരോഗമിക്കുകയാണ്.






























