കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ ഔദ്യോഗിക വാഹനത്തിന് നേരേ കല്ലേറ്. കളക്‌ട്രേറ്റ് വളപ്പിനുളളില്‍ വെച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസികമായി വെല്ലുവിളി നേരിടുന്നയാളാണ് കസ്റ്റഡിയിലായതെന്ന് പോലീസ് അറിയിച്ചു.
സംഭവം നടന്നപ്പോള്‍ കളക്‌ടര്‍ കാറില്‍ ഉണ്ടായിരുന്നില്ല. ബോധപൂര്‍വ്വം വലിയൊരു കല്ലെടുത്ത് കാറിന്റെ മുന്നിലത്തെയും വശങ്ങളിലേയും ഗ്ലാസുകള്‍ ഇടിച്ച് പൊട്ടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്കെതിരേ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബൂത്തില്‍ കയറി വോട്ടിങ് മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. എലത്തൂരിലെ പെട്രോള്‍ പമ്പില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും ഇയാള്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു.