കോഴിക്കോട് : കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് മാനസിക പീഡനം. ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുകയാണ്. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.
എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്‌റ ആശുപത്രിയിലെ നഴ്‌സിന് കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.
പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെക്കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങള ഒറ്റപ്പെടുത്തുന്നതായും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന തങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.