കോഴിക്കോട് : നഗരത്തിലെ ലോഡ്ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്നുമാണ് ലഹരി വസ്തുക്കളുമായി ഒരു സ്ത്രീ ഉള്‍പെടെ എട്ടു പേര്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടക്കാവ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു എട്ടംഗസംഘം. പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം ലഹരിമരുന്നുമാണ് പിടികൂടിയത്. എക്‌സൈസ് സംഘം കൂടി പരിശോധനയുടെ ഭാഗമായിരുന്നു. പോലീസും എക്സൈസും സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.