ദില്ലി : രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളുടെ ശുചിത്വ സര്‍വേയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് ഒന്നാം സ്ഥാനം. ദില്ലിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പുറകില്‍. ട്രാവല്‍ ആപ്പായ ixigo നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലാണ് കോഴിക്കോടിനെ ഏറ്റവും വൃത്തിയുള്ള സ്റ്റേഷനായി യാത്രക്കാര്‍ തെരഞ്ഞെടുത്തത്. വൃത്തിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ സ്റ്റേഷനുകളാണ് മുന്നിലെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോടിന് പുറമെ കര്‍ണാടകത്തിലെ ഹുബ്ലി ജംഗ്ഷന്‍, ദേവനഗരി, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, മധ്യപ്രദേശിലെ ജബല്‍പൂര്‍, ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജംഗ്ഷന്‍, ഗുജറാത്തിലെ വഡോദര, രാജ്‌ഘോട്ട് റെയില്‍വേ സ്‌റ്റേഷന്‍, രാജസ്ഥാനിലെ ഫാല്‍ന, ആന്ധ്രയിലെ വിജയവാഡ എന്നീ സ്റ്റേഷനുകളും വൃത്തിയുള്ള സ്റ്റേഷനുകളുടെ പട്ടികയിലുണ്ട്.
ദില്ലിയിലെ പ്രധാന അഞ്ചു സ്റ്റേഷനുകളും വൃത്തിയുടെ കാര്യത്തില്‍ താഴ്ന്ന നിലവാരമാണ് യാത്രക്കാര്‍ നല്‍കിയിരിക്കുന്നത്. ട്രെയിനുകളുടെ ശുചിത്വത്തില്‍ സ്വര്‍ണ ജയന്തി രാജധാനിയാണ് മുന്നിലുള്ളത്. മോശം സ്‌റ്റേഷനുകളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ മധുര രാജസ്ഥാനിലെ അജ്മീര്‍ ജംഗ്ഷന്‍, മഹാരാഷ്ട്രയിലെ ബുസാവല്‍ ജംഗ്ഷന്‍ ബീഹാറിലെ ഗയ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ 2017ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ റെയില്‍വേയുടെ ശുചിത്വത്തെക്കുറിച്ചുള്ള സര്‍വേയിലും ദക്ഷിണ റെയില്‍വേയാണ് മുന്നിട്ട് നിന്നിരുന്നത്.