കോഴിക്കോട് : വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് ഒരാളെ അറസ്റ്റുചെയ്തു. മലപ്പുറം വളാഞ്ചേരി നടുവട്ടം സ്വദേശി ടി.പി. അബ്ദുൾ ഷഫീഖിനെ (20) ആണ് അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ 112 നമ്പറിലേക്ക് വിളിച്ച് മെഡിക്കൽ കോളേജിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പ്രതി അറിയിക്കുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂമിൽനിന്ന് വിവരമറിയിച്ചപ്രകാരം പരിശോധന നടത്തുകയായിരുന്നു.
ഡി.സി.പി.യുടെ മേൽനോട്ടത്തിൽ, മെഡിക്കൽ കോളേജ് എ.സി.പി. കെ. സുദർശന്റെ നിർദേശപ്രകാരം മെഡിക്കൽ കോളേജ്, കുന്ദമംഗലം, പന്നിയങ്കര പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. ആശുപത്രിക്കുപുറത്തും അകത്തും വിശദമായി നടത്തിയ പരിശോധന തിങ്കളാഴ്ച പുലർച്ചെ മൂന്നരമണിയോടെയാണ് അവസാനിച്ചത്.
മലപ്പുറത്തെ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. വേറെയൊരാൾ മെസേജ് അയച്ചെന്നും അത് ഡിലീറ്റ് ചെയ്തശേഷമാണ് പോലീസിലേക്ക് വിളിച്ചതെന്നുമാണ് ഇയാൾ മൊഴിനൽകിയത്. കേസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു അറിയിച്ചു.
മെഡിക്കൽ കോളേജ് ആയതിനാൽ വളരെയധികം കരുതലോടെയാണ് പോലീസ് പരിശോധന നടത്തിയത്. രോഗികളോ ബന്ധുക്കളോ മറ്റോ അറിഞ്ഞാലുണ്ടാകുന്ന അവസ്ഥ കണക്കിലെടുത്ത് ആരെയും വിവരമറിയിക്കാതെയാണ് പരിശോധന നടത്തിയത്. സാധാരണയുള്ള നടപടിക്രമത്തിന്റെ ഭാഗമായുള്ള പരിശോധനയാണെന്നാണ് പറഞ്ഞത്. നാലുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ അറിയിച്ചു.