കോഴിക്കോട് : എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയില്‍ വിവാദ യോഗത്തിന്റെ മിനുറ്റ്‌സ് പോലീസില്‍ ഹാജരാക്കരുതെന്ന് മുസ്ലിം ലീഗ് നേതൃത്വം. മിനുറ്റ്‌സ് ഹാജരാക്കിയാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.
എന്നാല്‍ മിനുറ്റ്‌സ് ഹാജരാക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് എംഎസ്എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹരിത നേതാക്കളുടെ പരാതിയില്‍ മുഖ്യ തെളിവാണ് ജൂണ്‍ 21-ാം തീയതി കോഴിക്കോട് ചേര്‍ന്ന യോഗത്തിന്റെ മിനുറ്റ്‌സ്.
ഈ യോഗത്തില്‍ വെച്ചാണ് പി. കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. ഹരിത നേതാക്കളുടെ പരാതിയില്‍ യോഗത്തിന്റെ മിനുറ്റ്‌സ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമന്‍സ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനുറ്റ്‌സ് ഹാജരാക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാട് ലത്തിഫ് തുറയൂര്‍ സ്വീകരിച്ചിരിക്കുന്നത്.
പി.കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മലപ്പുറം ജില്ലയില്‍ നിന്നും സമാനമായി പരാതി ഉയര്‍ന്നു. എന്നാല്‍ പരാതിയില്‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.