കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്‌ലിം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് മുസ്‌ലിം ലീഗിന്റെ അവകാശവാദം.
ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന 27 പഞ്ചായത്തുകളിൽ 17 എണ്ണവും മുസ്‌ലിം ലീഗിന്റെ പഞ്ചായത്തുകളാണ്. 17 ഇടത്തും മുസ്‌ലിം ലീഗിന്റെ പ്രസിഡന്റാണ് ഭരണസാരഥ്യം. യുഡിഎഫിന്റെ 4 മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണത്തിലും ലീഗാണ് ഭരണം. പയ്യോളി നഗരഭയിൽ വൈസ് പ്രസിഡന്റ് മുസ്‌ലിം ലീഗ് തന്നെ. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേതാണെങ്കിലും കോൺഗ്രസ് ആവശ്യപ്പെട്ട പ്രകാരം ആദ്യ വർഷങ്ങളിൽ ഭരണനേതൃത്വം കോൺഗ്രസിന് കൈമാറി.
ജില്ലയിൽ ഇപ്പോൾ മത്സരിക്കുന്ന 5 സീറ്റിന് പുറമെ 2 സീറ്റ് അധികം ചോദിക്കാനാണ് ലീഗ് നീക്കം. എൽജെഡിയും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും മുന്നണി വിട്ടതോടെ ഒഴിവ് വന്ന പേരാമ്പ്ര വടകര എലത്തൂർ എന്നീ മണ്ഡലങ്ങളാണ് മുസ്‌ലിം ലീഗിന് നോട്ടം. വടകരയിൽ ആർഎംപി നേതാവ് കെ.കെ.രമയെ സ്വതന്ത്രയായി മത്സരിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെടും. നിലവിൽ മത്സരിക്കുന്ന ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം വെച്ചുമാറും. തിരുവമ്പാടി മണ്ഡലം കോൺഗ്രസിന് നൽകി പകരം കൽപറ്റയിൽ മത്സരിക്കും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരുവമ്പാടിയും കൊടുവള്ളിയും തിരിച്ചുപിടിക്കാനുള്ള നീക്കവും തുടങ്ങി കഴിഞ്ഞു. കോഴിക്കോട് സൗത്ത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ എം.കെ.മുനീറിന് മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലം നൽകുമെന്നാണ് കണക്കു കൂട്ടൽ. എം.എ.റസാഖിന് ഒരിക്കൽ കൂടി അവസരം നൽകണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് റസാഖ് പരാജയപ്പെട്ടത്.