പയ്യോളി : പയ്യോളി നഗരസഭാ ഭരണസമിതിയോഗം ഇടതുപക്ഷ അംഗങ്ങൾ ബഹിഷ്‌കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച ഇരിങ്ങൽ പുത്തൻകുനിയിൽ നാരായണന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ചർച്ച നടത്തണമെന്ന ആവശ്യം ചെയർമാൻ നിരാകരിച്ചെന്നാരോപിച്ചായിരുന്നു ബഹിഷ്‌കരണം.
കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ യോഗത്തിൽ കൗൺസിൽ യോഗം ആരംഭിക്കുന്നതിനു മുമ്പായി മുപ്പത്തിരണ്ടാം ഡിവിഷൻ കൗൺസിലറും സി.പി.എം. അംഗവുമായ കെ.സി. ബാബുരാജാണ് വിഷയം അജൻഡയ്ക്കുമുമ്പ് അടിയന്തരമായി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് ചെയര്‍മാന്‍ വടക്കയില്‍ ഷഫീക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ബഹിഷ്കരണമെന്ന്‍ നേതാക്കള്‍ അറിയിച്ചു.
വളരെ ഗൗരവമുള്ള വിഷയം ചർച്ച ചെയ്യാൻ അനുമതി നിഷേധിച്ച ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന അംഗം ടി അരവിന്ദാക്ഷൻ കൗൺസിൽ യോഗം ബഹിഷ്ക്കരിക്കുന്നതായി പ്രഖ്യാപിക്കുകയും ഇടതുപക്ഷ അംഗങ്ങൾ ഗൂഗിൾ മീറ്റിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. എൽജെഡി അംഗം ചെറിയാവി സുരേഷ് ബാബു സംസാരിച്ചു.