കോഴിക്കോട്: ജില്ലയിൽ സെെബർ സാമ്പത്തിക തട്ടിപ്പുകൾ കൂടുന്നു. ഈ വർഷം ഇതുവരെ നഷ്ടമായത് മൂന്ന് കോടി. തിരിച്ച് പിടിച്ചത് അഞ്ചര ലക്ഷം മാത്രമെന്ന് സെെബർ പൊലീസിന്റെ രേഖകൾ വ്യക്തമാക്കുന്നു. തട്ടിപ്പ് നടന്ന ആദ്യ മണിക്കൂറിൽ പൊലീസിൽ പരാതിപ്പെട്ടവർക്കാണ് കുറച്ചു തുകയെങ്കിലും തിരികെ കിട്ടിയത്. ജാഗ്രത നിർദ്ദേശം ഉണ്ടായിട്ടും സെെബർ തട്ടിപ്പുകളിൽ കുടുങ്ങുന്നവന്നവരുടെ എണ്ണം കൂടുന്നത് വിചിത്രമാണ്. ഈ വർഷം മേയ് വരെ 12 പ്രധാന കേസുകളാണ് സെെബർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. കഴിഞ്ഞ വർഷം 34 കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി പരാതികൾ ദിവസവും സൈബർ പൊലീസിൽ എത്തുന്നുണ്ടെങ്കിലും വലിയ തുകകൾ നഷ്ടപ്പെട്ട കേസുകൾ മാത്രമാണ് സ്വീകരിക്കുന്നത്. മറ്റ് സ്റ്റേഷനുകളിലും കേസുകളുടെ എണ്ണം കൂടി വരികയാണ്. ഡോക്ടർമാർ, എൻജിനിയർമാർ, ഐ.ടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് തട്ടിപ്പിൽ കുടുങ്ങുന്നതിൽ ഏറെയും.
ട്രേഡിംഗ്, ഫെഡ്എക്സ് കൊറിയർ തട്ടിപ്പ് കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ നൽകുന്ന സ്പോൺസേഡ് ലിങ്കുകൾ വഴിയാണ് തട്ടിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം വാട്സ് ആപ്പിൽ ഒരു ഗ്രൂപ്പിൽ അംഗമാകാൻ ആവശ്യപ്പെടും. പിന്നീട് ട്രേഡിംഗ് ആപ്പുകൾ പരിചയപ്പെടുത്തും. ചെറിയ തുക നിക്ഷേപം നടത്തിയാൽ വലിയ നേട്ടമുണ്ടാകുമെന്ന് പറയും. ലാഭം കൂടുമ്പോൾ നിശ്ചിത തുകയായാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ എന്ന് അറിയിക്കും. തുടർന്ന് കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. പിന്നീട് പണം പിൻവലിക്കാൻ സാധിക്കാതെ തട്ടിപ്പിൽ കുടുങ്ങും. തട്ടിപ്പുകാരെ ഫോണിൽ വിളിച്ചാൽ കിട്ടുകയുമില്ല. ഫെഡ്എക്സ് ജീവനക്കാരൻ, അന്വേഷണ ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് നിരോധിത ഉത്പ്പന്നങ്ങൾ കടത്തിയെന്നാരോപിച്ചാണ് ഫെഡ് എക്സ് തട്ടിപ്പുകൾ വ്യാപകമാകുന്നത്. കേസിൽ നിന്ന് നിങ്ങളുടെ പേര് ഒഴിവാക്കണമെങ്കിൽ 9 അമർത്തണമെന്നും ഇതിലൂടെ വ്യക്തിവിവരങ്ങൾ ചോർത്തുകയും ചെയ്യും. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.