കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇന്നും ശമനമില്ല. കോഴിക്കോട്ട് രണ്ടുപേര്‍ക്ക് കടിയേറ്റു. ബാലുശേരി എകരൂൽ ഉണ്ണികുളം പുതിയേടത്ത് മുക്ക് ജിതേഷ് കുമാറിനും തൊട്ടില്‍പ്പാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ആക്കല്‍ സ്വദേശി സത്യനാഥിനുമാണ് കടിയേറ്റത് രാത്രി എട്ടുമണിയോടെ വീടിന് പുറത്തേക്കിറങ്ങിയ ജിതേഷിന് നേരെ തെരുവുനായ ചാടിയടുക്കുകയായിരുന്നു. കൈയില്‍ കടിച്ചുപിടിച്ച നായയെ തട്ടിമാറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. കൈയും കാലും കടിച്ചുപറിച്ചു. ആഴത്തില്‍ മുറിവേറ്റ ജിതേഷിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക് മാറ്റി. സംഭവസമയം ജിതേഷും പ്രായമായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തൊട്ടില്‍പ്പാലത്ത് രാവിലെ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാനെത്തിയപ്പോഴാണ് ആക്കല്‍ സ്വദേശി സത്യനാഥിന് കടിയേറ്റത് കാലിന് പരുക്കേറ്റ സത്യനാഥിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടില്‍പാലത്തും പരിസരത്തും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ജില്ലയിലെ 70 പഞ്ചായത്തുകളിലേയും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാന്‍ ഒരു കേന്ദ്രം മാത്രമാണുള്ളത്.