ആറന്മുള: കാരംവേലി എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂളിൽ ആറന്മുള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ “കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ” എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബി.എസ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ആറന്മുള എസ് ഐ സി.കെ വേണു ക്ലാസ് നയിച്ചു.
ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം ഇന്ന് വളരെയധികം കൂടുന്നുവെന്നാണ് കണക്കുകൾ പുറത്ത് വരുന്നത്.
സന്തോഷത്തിനും ആഘോഷത്തിനും ദുഃഖത്തിനും തങ്ങള്‍ എന്തിനും പോന്നവരാണെന്ന് സ്വയം വിശ്വസിപ്പിക്കാനുമാണ് ഇവര്‍ ലഹരിക്കടിമപ്പെടുന്നത്. ആണ്‍-പെണ്‍ ഭേദമില്ലാതെയാണ് ഇന്ന് കുട്ടികളിലെ ലഹരി ഉപയോഗം. കൗമാരക്കാരുടെ മരുന്നിന്റെ ദുരുപയോഗവും ആശങ്കാജനകമാണ്. മാതാപിതാക്കൾക്ക് ഒരിക്കൽപോലും സംശയമുണ്ടാക്കാത്ത രീതിയിൽ ലഹരി മരുന്നുകൾ കുട്ടികൾക്ക് ഉപയോഗിക്കാനാവുന്നതും വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ആരോഗ്യവും യുവത്വവും ലഹരി വിഴുങ്ങുകയാണ്.
ആരോഗ്യത്തിന്റേയും യൗവ്വനത്തിന്റേയും വില നാം മനസ്സിലാക്കുന്നത് അത് നഷ്ടപ്പെട്ടതിനുശേഷമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വ്യാപകമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കൊഴിയാതിരിക്കട്ടെ നാളെയുടെ വസന്തങ്ങൾ എന്ന സന്ദേശവുമായി ജനമൈത്രി പോലീസ് മുന്നിട്ടിറങ്ങിയതെന്ന് ക്ലാസ് നയിച്ച ആറന്മുള എസ് ഐ സി.കെ വേണു പറഞ്ഞു.
ആറന്മുള സ്റ്റേഷൻ പരിധിയിലെ മുഴുവൻ സ്കൂളിലും ഈ ക്ലാസ് സംഘടിപ്പിക്കുകയാണ്. അതോടൊപ്പം തന്നെ ഓരോ വിദ്യാര്‍ത്ഥിയെയും പോലീസ് നിരീക്ഷിക്കും. ക്ലാസ്സില്‍ കയറാതെ കറങ്ങി നടക്കുന്നവരെയും വീട്ടില്‍ കൃത്യസമയത്ത് തിരിച്ചെത്താത്തവരെയും പ്രത്യേകം നിരീക്ഷിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം ആവശ്യമെങ്കില്‍ പരിശോധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും ഒരു സുരക്ഷാ കവചംപോലെ ജനമൈത്രി പോലീസ് ഉണ്ടാകുമെന്നും മയക്കുമരുന്ന് മാഫിയാകളുടെ കയ്യില്‍ ഒരു വിദ്യാര്‍ത്ഥിപോലുംഅകപ്പെടാതെ നോക്കുമെന്നും എസ്.ഐ.സി.കെ വേണു പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത്, അദ്ധ്യാപകൻ ഡി.സുധീർ, സ്കൂൾ വിദ്യാർത്ഥികളായ ആദിത്യ മനോജ്, ചൈത്ര ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.