കോഴിക്കോട് : കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടില്‍ പിഴവെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയില്‍ ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാട്ടി വിധഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അതേസമയം കെട്ടിടം ബലപ്പെടുത്തുന്നതിന് മുന്നോടിയായുളള പരിശോധനകള്‍ ചെന്നൈ ഐഐടി സംഘം തുടരുകയാണ്. കെടിഡിഎഫ്‍സി 70 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാണിജ്യ സമുച്ചയം അപകടാവസ്ഥയിലെന്നും ഉടനടി ബലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചുളള മദ്രാസ് ഐഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു വിവാദത്തിന്റെ തുടക്കം.
കൂടുതല്‍ പരിശോധനയ്ക്കായി ഗതാഗത വകുപ്പാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ എസ്.ഹരികുമാറിന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘം ഒരു മാസത്തിലേറെ നീണ്ട പരിശോധനയ്ക്ക് ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ ഐഐടി സംഘത്തിന്‍റെ കണ്ടെത്തലുകളില്‍ പാളിച്ചയുണ്ടെന്നാണ് പറയുന്നത്. കെട്ടിടത്തിന്‍റെ അടിസ്ഥാന ഘടനയിൽ ഊന്നിമാത്രമാണ് ഐഐടി പഠനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതും ആളൊഴിഞ്ഞ സമുച്ചയത്തിലാണ്. കെട്ടിടത്തിന് മേൽ ഭാരം വരുമ്പോൾ എന്ത് മാറ്റംവരുമെന്ന കാര്യം പരിഗണിച്ചിട്ടില്ല. സമുച്ചയം താങ്ങി നിർത്തുന്ന തൂണുകളിൽ ഗുരുതര വിളളലുണ്ടെന്ന ഐഐടി നിഗമനം ശരിയല്ലെന്നാണ് വിദഗ്ധസമിതി കണ്ടെത്തൽ.
സ്ലാബുകളുടെ വിളളൽ ഉപരിതലത്തിൽ മാത്രമേയുളളൂവെന്നും സമിതി നിരീക്ഷിക്കുന്നു. പ്പോർട്ടിന് മേൽ ഗതാഗത വകുപ്പ് തീരുമാനമെടുത്തിട്ടില്ല. റിപ്പോർട്ടിന്‍റെ ഉളളടക്കം കെറ്റിഡിഎഫ്സി മദ്രാസ് ഐഐടിക്കും കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിനും നല്‍കിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ കൈയ്യിലിരിക്കെ, ബഹുനില കെട്ടിടം ബലപ്പെടുത്തുന്നതിനുളള മണ്ണുപരിശോധന തുടരുകയാണ്. ചെന്നൈ ഐഐടി സംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുഴികളെടുത്ത് മണ്ണിന്‍റെ ഘടന, സ്വഭാവം എന്നിവ പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ നടക്കും.