കോഴിക്കോട്: കേരള ഹെല്‍ത്ത് റിസര്‍ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുതിയ എം.ആര്.ഐ യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ മാസം അഞ്ചിന് മന്ത്രി കെ.കെ. ശൈലജ ടെലി കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യും.
കോവിഡിന് തൊട്ടുമുമ്പ് ആറുകോടി രൂപ ചെലവിട്ട് വാങ്ങിയ എം.ആര്.ഐ മെഷീന് കാലങ്ങളോളം എ.സി.ആര് ലാബിന് സമീപം പെട്ടിക്കുള്ളില്‍ കിടക്കുകയായിരുന്നു. ഡിസംബര്‍ 22ഓടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും ഔപചാരിക ഉദ്ഘാടനമാണ് അഞ്ചിന് നടക്കുന്നത്. നവീകരിച്ച സി.ടി സ്കാന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്യും. സി.ടി സ്കാന്‍, എം.ആര്.ഐ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരെയും റേഡിയോളജിസ്റ്റുകളെയും കെ.എച്ച്.ആര്.ഡബ്ല്യു.എസിനു കീഴില്‍ നിയമിച്ചിട്ടുണ്ട്.
ആശുപത്രി വികസന സമിതിക്ക് കീഴില്‍ രണ്ട് സി.ടി സ്കാനിങ് മെഷീന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, എം.ആര്.ഐ ഇല്ല. എം.ആര്.ഐ വേണ്ടവര്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് പോകണം. അവിടെ നിന്ന് സ്കാനിങ് ചെയ്യാന്‍ വരേണ്ട ദിവസം ഏതെന്ന് കുറിച്ച് നല്‍കും. അന്ന് വന്ന് സ്കാന്‍ ചെയ്താല്‍ രണ്ടു ദിവസത്തിന് ശേഷമേ ഫലം ലഭിക്കൂ. പെട്ടെന്ന് ഫലം ലഭിക്കാന്‍ പല രോഗികളും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു. 4000 രൂപ മുതലാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ എം.ആര്.ഐക്ക് ഈടാക്കുന്നത്. കെ.എച്ച്.ആര്.ഡബ്ല്യു.എസിന് കീഴില്‍ എ.സി.ആര് ലാബിനു സമീപം എം.ആര്.ഐ തുടങ്ങിയത് രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമാവുകയാണ്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ 2500 രൂപയാണ് സ്കാനിങ്ങിന് ഈടാക്കുന്നത്. അതേ തുകയാണ് കെ.എച്ച്.ആര്.ഡബ്ല്യു.എസിനു കീഴില്‍ തുടങ്ങിയ എം.ആര്.ഐ സ്കാനിങ്ങിനും ഈടാക്കുന്നത്. എച്ച്.എല്‍.എല്ലിനു കീഴിലുള്ള എം.ആര്.ഐക്ക് 2750 രൂപയാണ് ഈടാക്കുന്നത്.
ഒരു യന്ത്രംകൂടി വന്നതോടെ രോഗികളുടെ കാത്തിരിപ്പ് കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. സി.ടി സ്കാനിങ്ങിന്റെ അവസ്ഥയും ഇതുപോലെയാണ്. അപകടം പറ്റി മെഡിക്കല്‍ കോളജിലെത്തുന്ന ഒരുവിധം രോഗികള്‍ക്കെല്ലാം ഡോക്ടര്‍മാര്‍ സി.ടി സ്കാനിങ് നിര്‍ദേശിക്കാറുണ്ട്. കൂടാതെ വാര്‍ഡുകളില്‍നിന്നും രോഗികള്‍ സി.ടിക്കായി എത്താറുണ്ട്. പലപ്പോഴും കാത്തുനിന്ന് മടുക്കുന്ന രോഗികള്‍ പെട്ടെന്ന് സ്കാനിങ് നടന്നുകിട്ടാന്‍ സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുകയാണ്. 700 രൂപയാണ് മെഡിക്കല്‍ കോളജില്‍ സി.ടിക്ക് ഈടാക്കുന്നത്. അതേ തുക തന്നെയാണ് കെ.എച്ച്.ആര്.ഡബ്ല്യു.എസും ഈടാക്കിയിരുന്നത്. എന്നാല്‍ ഈ തുകയുടെ രണ്ടും മൂന്നും ഇരട്ടി നല്‍കിവേണം പുറത്തുനിന്ന് സ്കാന്‍ ചെയ്യാന്‍. കെ.എച്ച്.ആര്.ഡബ്ല്യു.എസിനു കീഴില്‍ എം.ആര്.ഐ സ്കാനിങ്ങും സി.ടി സ്കാനിങ്ങും തുടങ്ങുന്നത് തിരക്ക് കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് രോഗികള്‍.