തിരുവനന്തപുരം : കെ.പി.യോഹന്നാന്‍ കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് പിടിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ വലിയ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി.എം. സുധീരൻ കത്തിൽ പരാമർശിക്കുന്നു. തെളിവുകൾ വ്യക്തമായി നിരത്തിയാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് സമർപ്പിച്ചിരിക്കുന്നത്. വിദേശ കമ്പനികൾക്ക് 5.5 ലക്ഷം ഏക്കർ ഭൂമി ഇപ്പോഴും കേരളത്തിൽ ഉണ്ട്. നിലവിൽ കേസ് കോടതിയിൽ തോറ്റുകൊടുക്കുന്നതടക്കമുള്ള ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സുധീരൻ ആരോപിക്കുന്നു.
കേരളത്തിലെ നിലവിലുള്ള സംവിധാനങ്ങളിൽ ഉള്ള എല്ലാ പ്രതീക്ഷയും നഷ്ടപെട്ടുവെന്നും കേന്ദ്ര ഏജൻസിയിലോ എൻ ഫോഴ്സ്മെന്റിലോ മാത്രമേ ഇനി പ്രതീക്ഷ ഉള്ളു എന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു. അതിനാൽ തന്നെ പ്രധാനമന്ത്രി ഇതിൽ ഇടപെടണമെന്നും അടിയന്തിരമായി കേരളത്തിലേക്ക് ശ്രദ്ധിക്കണമെന്നും വി.എം സുധീരൻ ആവശ്യപ്പെട്ടു. 2600ഓളം ഏക്കർ വരുന്ന ഭൂമിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ആയിരക്കണക്കിനു കോടികൾ മധ്യ വർത്തികൾക്കും ഇടനിലക്കാർക്കും ലഭിക്കും. പലർക്കും കമ്മീഷനിലും പണത്തിലും തന്നെയാണ് ഇപ്പോഴും രാജ്യ താല്പര്യത്തേക്കാൾ താല്പര്യം.
വിവിധ കമ്മിഷൻ റിപ്പോർട്ടുകളിൽ ഭൂമി സർക്കാരിന്റേതാണെന്ന് പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഭൂമി ഏറ്റെടുത്തു. ഇത് ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചു. പിന്നീട് കേസ് തോറ്റുകൊടുക്കാനുള്ള നടപടിയാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ഈ കേസ് നടത്തിയ അഭിഭാഷകയെ മാറ്റി. ഭൂമി ഏറ്റെടുത്ത നടപടി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയെങ്കിലും ഭൂമിയിൽ സർക്കാരിന്റെ അവകാശം നിഷേധിച്ചിരുന്നില്ല. ഇത്തരം ഭൂമിയിൽ കരമടയ്ക്കാൻ സർക്കാർ അനുമതി നൽകി. ഇതോടെ കമ്പനികൾക്ക് ഭൂമിയിൽ അവകാശമുണ്ടെന്ന് സർക്കാർതന്നെ സമ്മതിക്കുന്ന സ്ഥിതിയായി. ഇപ്പോൾ സ്വകാര്യഭൂമി ഏറ്റെടുക്കുന്ന നടപടിയനുസരിച്ചാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഉത്തരവിറക്കിയിട്ടുള്ളത്.