ദില്ലി : കെപിസിസി അധ്യക്ഷ പദവിയിലേക്ക് കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാൻ ഗ്രൂപ്പുകളുടെ സമ്മർദ്ദം. കെ സുധാകരനെ വേണ്ടെന്ന് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ അറിയിച്ചു. തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുമ്പിലും ഗ്രൂപ്പുകൾ നിലപാട് വ്യക്തമാക്കി. മുല്ലപ്പള്ളിയുടെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ വരുന്നത് കോണ്‍ഗ്രസിന്റെ പുരോഗമന ചിന്തയുടെ പ്രതീകമായി അടയാളപ്പെടുത്തുമെന്നാണ് ഗ്രൂപ്പുകള്‍ വാദിക്കുന്നത്. എന്നാല്‍ സുധാകരനല്ലാതെ മറ്റാര്‍ക്കും ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്‍പോട്ട് കൊണ്ടുപോകാനാവില്ലെന്ന് പാര്‍ട്ടിയില്‍ മറുവിഭാഗം അഭിപ്രായപ്പെടുന്നത്. ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങി ചില ദേശീയ നേതാക്കളുടെ പിന്തുണയും സുധാകരനുണ്ടെന്നാണ് വിവരം.