കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ. മുരളീധരന്‍ എം.പി. അഭിപ്രായ ഭിന്നതയുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. വിഴുപ്പലക്കലിന്‍റെ കാലഘട്ടം കഴിഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളില്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും കെ. സുധാകരനും പദവികള്‍ ഒഴിയണമോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടിയുടെ പല തീരുമാനങ്ങളും അറിയുന്നത്. കൂടിയാലോചന ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കന്മാര്‍ മാറിയത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെയോ യു.ഡി.എഫിന്‍റെ വിജയസാധ്യതയെയോ ബാധിക്കില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വടകരയിലും വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും മാത്രമാവും പ്രചരണത്തിന് പോവുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.
പാര്‍ലമെന്‍റിലെ കാര്യങ്ങള്‍ നോക്കാനാണ് നേതൃത്വം പറഞ്ഞിട്ടുള്ളത്. അക്കാര്യങ്ങള്‍ ഭംഗിയായി നോക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.