ഗുരുവായൂര്‍ : ജന്‍മാഷ്ടമി ദിനത്തില്‍ ഗുരുവായൂരില്‍ കണ്ണന്റെ സ്വര്‍ണക്കോലം ഇക്കുറി ശിരസിലേറ്റുക ബാലകൃഷ്ണന്‍. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മോഴയാന ജന്‍മാഷ്ടമിക്ക് കണ്ണന്റെ സ്വര്‍ണക്കോലം എഴുന്നെള്ളിക്കുന്നത്. ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആന പ്രേമികളുടെ ഇഷ്ടതാരമാണ് ബാലകൃഷ്ണന്‍. അടുത്തിടെ ബാലകൃഷ്ണന് ഫൈബര്‍ കൊമ്പുകള്‍ വെച്ചുപിടിപ്പിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷം ക്ഷേത്രങ്ങളിലെ എഴുന്നെള്ളിപ്പുകള്‍ക്ക് ഉള്‍പ്പെടെ കൃഷ്ണനെ നിരവധി പേര്‍ ബാലകൃഷ്ണനെ തേടിവരുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഗുരുവായൂരിലെ കണ്ണന്റെ സ്വര്‍ണക്കോലം തിടമ്പേറ്റാന്‍ ബാലകൃഷ്ണന് അവസരം ലഭിക്കുന്നത്.
1975ല്‍ ജനിച്ച ബാലനെ 1976 ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളില്‍ കുപ്പി പാലും മറ്റും നല്‍കിയായിരുന്നു ബാലകൃഷ്ണനെ പരിപാലിച്ചിരുന്നത്. എന്നാല്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായ ബാലകൃഷ്ണന്റെ കൊമ്പ് ശരീരത്തിന് അനുസരിച്ച് വളര്‍ന്നില്ല. ഇതോടെയാണ് മോഴ ഇനത്തില്‍പ്പെട്ട ആനയാണെന്ന് വ്യക്തമായത്. ഇന്ന് ഇന്ത്യയിലെ തന്നെ മോഴ ആനകളില്‍ ഏറ്റവും ഉയരം കൂടിയ ആനയാണ് ബാലകൃഷ്ണന്.