ആലപ്പുഴ : പി.കൃഷ്ണപിള്ള സ്മാരം തകര്‍ത്ത കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ചെങ്ങന്നൂര്‍ എം.എല്‍.എയും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന സജി ചെറിയാന്‍ അടക്കമുള്ള സാക്ഷികളുടെ മൊഴികളും കോടതി രേഖപ്പെടുത്തിയിരുന്നു.
2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് കണ്ണാര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടതും മന്ദിരത്തിന് തീയിട്ടതും. 2016 ഏപ്രിലില്‍ 28ന് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഞ്ചു പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2019 മാര്‍ച്ച് 14നാണ് വിസ്താരം ആരംഭിച്ചത്.
സി.പി.എമ്മിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. സി.പി.എമ്മിലെ വിഭാഗീയത ശക്തമായിരുന്ന കാലത്ത് പിണറായി പക്ഷത്തിന് പാര്‍ട്ടി സ്മാരകം പോലും സംരക്ഷിക്കാന്‍ കഴിവില്ലെന്ന് വരുത്തി തീര്‍ക്കാന്‍ മറുവിഭാഗം ആക്രമണം നടത്തിയെന്നായിരുന്നു പ്രോസിക്യുഷന്‍ കേസ്. തങ്ങളുടെ നിരപരാധിത്വം അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ലതീഷ് ബി. ചന്ദ്രന്‍ പറഞ്ഞു. തങ്ങളെ കേസില്‍ പെടുത്തിയതാണ്. സത്യം തെളിയിക്കാന്‍ കഴിഞ്ഞു. യു.ഡി.എഫും രമേശ് ചെന്നിത്തലയും നടത്തിയ കള്ളക്കളിയാണ്. കെട്ടിച്ചമച്ച തെളിവുകളും വാദങ്ങളുമാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചത്.
പാര്‍ട്ടി അന്വേഷണം നടത്തിയില്ലെന്നത് ശരിതന്നെയാണെങ്കിലും നിയമവ്യവസ്ഥയെ മാനിച്ചാണ് അന്ന് തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പോലീസ് പ്രതിയാക്കിയതോടെയാണ് പുറത്താക്കിയത്. നിരപരാധിത്വം തെളിഞ്ഞതോടെ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. തങ്ങളെ പ്രതിയാക്കണമെന്നും ഇല്ലായ്മ ചെയ്യണമെന്നും ആവശ്യപ്പെട്ടത് പ്രദേശത്തെ ചില വ്യക്തികളാണ്. നാട്ടുകാര്‍ ഒന്നടങ്കം തങ്ങളെ പിന്തുണച്ചു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തേണ്ടത് ആവശ്യമാണ്. അതിനു വേണ്ടി അന്വേഷണം നടത്തണം.
സിപിഎമ്മിലെ വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന് കെ.പിസിസി അധ്യക്ഷനായിരിക്കേ ചെന്നിത്തല ആരോപിച്ചു. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കേ ഹരിപ്പാട് മണ്ഡലത്തില്‍ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ തന്നെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്നും ഇവര്‍ ആരോപിച്ചു. വി.എസ് അച്യുതാനന്ദന്റെ മുന്‍ സ്റ്റാഫ് അംഗം സതീഷ് ബി ചന്ദ്രനായിരുന്നു മുഖ്യപ്രതി. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി. സാബു, പാര്‍ട്ടി പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരായിരുന്നു മറ്റു പ്രതികള്‍. പിണറായി പക്ഷം പ്രതികളെ തള്ളിപ്പറഞ്ഞപ്പോള്‍, വി.എസ് ഇവരെ അനുകൂലിക്കുകയാണ് ചെയ്തത്.