കണ്ണൂർ: കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ജന പ്രതിനിധികളുമായും കര്‍മ്മ സമിതി ഭാരവാഹികളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. വൈദ്യുതി ടവര്‍ നിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും, ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നല്‍കാനാണ് തീരുമാനം. ഭൂമിയുടെ കുറഞ്ഞ ന്യായവില സെന്റിന് 7,000 രൂപയായി നിശ്ചയിച്ചു.
മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് ജില്ലാ കലക്ടർ നിശ്ചയിക്കുന്ന നിരക്കിൽ നഷ്ടപരിഹാരം നൽകും. കൂടാതെ ലൈനിനു താഴെ വരുന്ന വീടുകൾക്ക് രണ്ട് ലക്ഷം രൂപ അധിക നഷ്ടപരിഹാരവും നൽകും. വടക്കന്‍ ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും മലബാറിന്റെ വികസനത്തിന് വലിയ മാറ്റമുണ്ടാക്കാനും 400 കെ.വി വയനാട്-കാസറഗോഡ് പ്രസരണ ലൈൻ യാഥാര്‍ത്ഥ്യമായാല്‍ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. എം.എൽ.എമാരായ സണ്ണി ജോസഫ്, സജി ജോസഫ്, കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ മിര്‍ മുഹമ്മദ് അലി, കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായ ബിജു ആര്‍., ശിവദാസ് എസ്., ചീഫ് എന്‍ജിനീയര്‍ ഷീബ കെ.എസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.