പത്തനംതിട്ട : ജില്ലയിലെ വൈദ്യുതപദ്ധതികളുടെ ഭൂമി തർക്കം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികള്‍ കെ.എസ്.ഇ.ബി ആരംഭിച്ചു. വനംവകുപ്പിന്റെ ഭൂമി പാട്ടത്തിനെടുത്താണ് വൈദ്യുത പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് നിശ്ചിത പാട്ടത്തുക വൈദ്യുതി ബോർഡ് വനംവകുപ്പിന് വർഷംതോറും നൽകുന്നുണ്ട്. ഹെക്ടർ കണക്കിന് വനപ്രദേശമാണ് വൈദ്യുതി വകുപ്പ് വനം വകുപ്പിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്നത്. കോടികളാണ് ഇതിന് പാട്ടത്തുകയായി നൽകുന്നത്. ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച് വൈദ്യുതി, വനം വകുപ്പുകൾ തമ്മിൽ തർക്കമുണ്ട്. വനം വകുപ്പ് അവകാശപ്പെടുന്ന രീതിയിൽ ഭൂമിയില്ലെന്നാണ് വൈദ്യുതിവകുപ്പിന്റെ നിലപാട്.
ഇത് വനം വകുപ്പ് അംഗീകരിക്കുന്നില്ല. ഇതിന് പരിഹാരമായിട്ടാണ് ഭൂമി അളക്കുന്നത്. വൈദ്യുതി വകുപ്പ് ലിമിറ്റഡ് കമ്പനിയായതോടെ വസ്തു സംബന്ധിച്ചുള്ള സ്‌കെച്ചും പ്ലാനും തയ്യാറാക്കാൻ തുടങ്ങി. ചില ജില്ലകളിൽ നടപടികൾ പൂർത്തിയായി. ശബരിഗിരി പദ്ധതിയിൽ 5000 ഏക്കർ സ്ഥലമാണ് വൈദ്യുതി വകുപ്പ് വനംവകുപ്പിൽനിന്ന് പാട്ടത്തിനെടുത്തിരിക്കുന്നത്. ഇതിന് പ്രതിവർഷം ഏഴ് ലക്ഷം രൂപയാണ് പാട്ടത്തുക. കക്കാട് പ്രോജക്ടിന് 35 ഹെക്ടർ വനഭൂമിയാണുള്ളത്. ഒരു ലക്ഷം രൂപയാണ് പാട്ടത്തുക.