തിരുവനന്തപുരം : കെഎസ്‌ഇബിയിലെ തര്‍ക്കം പരിഹരിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം ചേരുക. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗത്തിലുണ്ടാകും. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ വൈദ്യുത ഭവന്‍ വളയല്‍ സമരം നടത്തിയിരുന്നു. ഇന്നലെ വൈദ്യുതിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതു നടന്നില്ല. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
പ്രശ്‌നം വഷളാകാതെ എത്രയും വേഗം പരിഹരിക്കണമെന്നാണ് ഇടതുമുന്നണി നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ സ്ഥലംമാറ്റം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. ഇന്നു മുതല്‍ ജില്ലാ തലത്തില്‍ യോഗങ്ങള്‍ ചേരാനും മേയ് രണ്ട് മുതല്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കാനുമാണ് അസോസിയേഷന്റെ തീരുമാനം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ മേയ് 16 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. ചട്ടപ്പടി സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ എത്രയും വേഗം പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം.