മല്ലപ്പള്ളി : വായ്പ്പൂര് സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അനുഭപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. പ്രഖ്യാപിത , അപ്രഖ്യാപിത വൈദ്യുതി മുടക്കം പതിവായതോടെ ജനം ദുരിതത്തിലായിരിക്കുകയാണ്. കോട്ടാങ്ങൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം കാരണം ജനം പൊറുതി മുട്ടിയ അവസ്ഥയിലാണ്. അപ്രഖ്യാപിത വൈദ്യുതി മുടക്കം കഴിഞ്ഞാൽ ഉടനെത്തും വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതു മൂലമുള്ള അറിയിപ്പ് പ്രകാരം വൈദ്യുതി മുടക്കം. ഇത് സെക്ഷൻ പരിധിയിലെ സ്ഥിരം നടപടിയാണ്. ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതുമൂലം വ്യാപാരികളും മറ്റും ദുരിതത്തിലായിരിക്കുകയാണ്.
പലരും സ്ഥാപനങ്ങൾ തുറന്ന് വെറുതെ ഇരിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടക്കം. ചില സമയങ്ങളിൽ മിനിറ്റുകൾ ഇടവിട്ടാണ് വൈദ്യുതി മുടങ്ങുന്നത്. ഇതു മൂലം പല വിടുകളിലെയും വിലപിടിപ്പുള്ള വൈദ്യുതോപകരണങ്ങൾക്കും കേടുപാട് സംഭവിക്കുകയാണ്.സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഇല്ലാതാകുന്ന വൈദ്യുതി പുനസ്ഥാപിക്കപ്പെടുന്നത് അടുത്ത ദിവസം ഉച്ചയോടെയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു ലൈനിൽ വൈദ്യുതിയുണ്ടെങ്കിൽ അടുത്ത ലൈനിൽ ഇല്ലാത്ത അവസ്ഥയുമാണ്. വോൾട്ടേജ് ക്ഷാമവും ഉണ്ടാകുന്നതായി പരാതിയുണ്ട്. വൈദ്യുതി മുടക്കത്തിന് പരിഹാരം കാണുന്നതിന് അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഗുണഭോക്താക്കൾ സംഘടിച്ച് ശക്തമായ സമര പരിപാടിക്ക് ഒരുങ്ങുകയാണ്.