കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ ചെറുകിട ജലസേചന പദ്ധതിയുടെ പമ്പ് ഹൗസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. വൈദ്യുതി ബില്ലിലെ പിഴകുടിശ്ശിക അടയ്ക്കാത്തതിനാലാണ് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. വൈദ്യുതി മുടങ്ങിയതോടെ ഐക്കരനാട്-പുത്തൃക്ക പ്രദേശത്ത് ജലസേചനം മുടങ്ങി. മുവാറ്റുപുഴയാറിന് തീരത്ത് പൂത്തൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയില്‍ സ്ഥാപിചിരിക്കുന്ന ചെറുകിട ജലസേചന പദ്ധതിയുടെ ഫ്യൂസാണ് കെ.എസ്.ബി ഊരിയത്.
മഴക്കാലത്ത് പുഴയില്‍ വെള്ളം കയറുമ്പോള്‍ മുന്‍കരുതലായി മോട്ടോറുകള്‍ ഉയര്‍ത്തി വയ്ക്കും. ഇത് തിരികെ സ്ഥാപിക്കാനായി ചെന്നപ്പോഴാണ് ഫ്യൂസ് ഊരിയ വിവരം പമ്പിംഗ് ജീവനക്കാരന്‍ അറിയുന്നത്. വൈദ്യുതി മുടങ്ങി പമ്പിംഗ് നിലച്ചത്തോടെ ഐക്കരനാട്-പുത്തൃക്ക പ്രദേശം വരണ്ട അവസ്ഥയിലാണ്. ജലസേചനം മുടങ്ങിയതോടെ പ്രദേശത്തെ കര്‍ഷകരും പ്രതിസന്ധിയിലായി. പമ്പിംഗ് സ്റ്റേഷനിലെ മൂന്ന് മോട്ടോറുകള്‍ തുടര്‍ച്ചയായി 20 മണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിച്ചാലേ വെള്ളം എല്ലായിടത്തും എത്തൂ. ചെറിയ കനാല്‍ വഴിയാണ് ഓരോ പ്രദേശത്തും വെള്ളമെത്തിക്കുന്നത്. കെ.എസ്.ഇ.ബിയുടെ നടപടയില്‍ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.