തിരുവനന്തപുരം : ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുടെ 30% ബസുകള്‍ കണ്ടക്ടറില്ലാതെ ഓടും. മൂന്നാഴ്ച മുന്‍പ് തുടങ്ങിയ തിരുവനന്തപുരം – എറണാകുളം വാരാന്ത്യ സര്‍വീസുകളില്‍ ഈ മാതൃക വിജയകരമായതോടെയാണ് കൂടുതല്‍ ബസുകള്‍ ഇത്തരത്തിലാക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളും ജില്ലകളിലെ പ്രധാന ഡിപ്പോകളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളുമാണ് ഇതിനായി തിരഞ്ഞെടുക്കുക.
ഭൂരിഭാഗം യാത്രക്കാരും ഒരേ സ്ഥലത്തേക്കു പോകേണ്ട സര്‍വീസുകളാണ് ഈ സംവിധാനത്തില്‍ ഓടിക്കുക. വാരാന്ത്യ സര്‍വീസുകളില്‍ കൂടുതല്‍ യാത്രക്കാരും തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരാണ്. അത്തരം സര്‍വീസുകള്‍ നോണ്‍ സ്റ്റോപ്പ് ആക്കും. ഡ്രൈവര്‍ തന്നെ റിസര്‍വേഷന്‍ പരിശോധിച്ച് ടിക്കറ്റ് നല്‍കും. പ്രധാന ഡിപ്പോകളില്‍ മാത്രമേ സ്റ്റോപ് ഉണ്ടാകൂ. ഏതൊക്കെ റൂട്ടുകളില്‍ ഇത്തരം സര്‍വീസ് നടത്താനാകുമെന്ന് ഡല്‍ഹി ഇന്റഗ്രേറ്റഡ് മോഡല്‍ ട്രാന്‍സ്പോര്‍ട്ടിലെ വിദഗ്ധര്‍ പഠിച്ചുവരികയാണ്.
ഈ മാസം 750 ജീവനക്കാരാണ് കെഎസ്‌ആര്‍ടിസിയില്‍നിന്നു വിരമിക്കുന്നത്. 400 പേര്‍ക്ക് പ്രമോഷന്‍ നല്‍കുന്നുണ്ട്. കണ്ടക്ടര്‍മാരുടെ എണ്ണം ഇതോടെ കുറയും. ഇതു പരിഹരിക്കാന്‍ ഡ്രൈവര്‍ക്കു പരിശീലനം നല്‍കി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്കു മാറ്റും. കൂടാതെ എഴുനൂറോളം ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ നിയമനത്തിനും സാധ്യത തേടും. മികച്ച ആനുകൂല്യങ്ങള്‍ നല്‍കിയാകും നിയമനം.