തിരുവനന്തപുരം: എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്‌ആര്‍ടിസി എയര്‍-റെയില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയര്‍പോര്‍ട്ടുകളായ ഡൊമസ്‌റ്റിക്, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളിലേക്ക് തമ്പാനൂര്‍ ബസ് സ്‌റ്റേഷനില്‍ നിന്നും സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയര്‍-റെയില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. സിറ്റി സര്‍ക്കുലറിന്റെ എട്ടാമത്തെ സര്‍ക്കിളാണ് ഇത്. നിലവില്‍ ഏഴ് സര്‍ക്കുലര്‍ സര്‍വീസുകളാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ ഒരോ ബസ് വീതം ഓരോ മണിക്കൂറിലും ഈ രണ്ട് ടെര്‍മിനലുകളില്‍ എത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിക്കുക.
ക്ളോക്ക് വൈസ് ആയി സര്‍വീസ് നടത്തുന്ന സര്‍ക്കുലര്‍ ബസ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ ആരംഭിച്ച് പൊന്നറ ശ്രീധര്‍ പാര്‍ക്ക് ചുറ്റി, സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ വന്ന് യാത്രക്കാരെ കയറ്റി ഓവര്‍ബ്രിഡ്‌ജ്, കിഴക്കേകോട്ട, അട്ടക്കുളങ്ങര, മണക്കാട്, മുക്കോലയ്‌ക്കല്‍, വലിയതുറ ഡൊമസ്‌റ്റിക് ടെര്‍മിനല്‍, ശംഖുമുഖം, ഓള്‍ സെയിന്റ്സ് കോളേജ്, ചാക്ക, ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, ചാക്ക ജംഗ്ഷന്, പേട്ട, പാറ്റൂര്‍, ജനറല്‍ ഹോസ്‌പിറ്റല്‍, കേരള യൂണിവേഴ്‌സിറ്റി, പാളയം, സ്‌റ്റാച്യു, ഓവര്‍ബ്രിഡ്‌ജ് വഴി തമ്പാനൂരില്‍ അവസാനിക്കുന്നതാണ് സര്‍വീസ്.
ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ആദ്യം പോകേണ്ടവര്‍ക്ക് ആന്റികളോക്ക് വൈസായി ഓടുന്ന സര്‍ക്കുലര്‍ ബസില്‍ തമ്പാനൂര്‍, ഓവര്‍ ബ്രിഡ്‌ജ്, പാളയം, അയ്യന്‍കാളി ഹാള്‍, കേരള യൂണിവേഴ്‌സിറ്റി, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പേട്ട, ചാക്ക, ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട്, ഓള്‍ സെയിന്റസ്, ശംഖുമുഖം, വലിയതുറ ഡൊമസ്‌റ്റിക് ടെര്‍മിനല്‍, മുക്കോലയ്‌ക്കല്‍, മണക്കാട്, വഴി തിരിച്ചും പോകുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. അടുത്തയാഴ്‌ച ഈ സര്‍വീസുകളുടെ ട്രയല്‍ റണ്‍ ആരംഭിക്കും.