കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന ബസ് സർവ്വീസുകൾ പുനഃരാരംഭിച്ചത് മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി. രണ്ടര മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് യാത്രാ ബസുകൾ വീണ്ടും സർവ്വീസ് ആരംഭിച്ചത്. ജില്ലകൾക്ക് അകത്ത് മാത്രം സർവ്വീസ് നടത്താമെന്ന സംസ്ഥാന ഗതാഗത മന്ത്രി നൽകിയ നിർദ്ദേശപ്രകാരം കോന്നിയിലും ബസുകൾ സർവ്വീസ് തുടങ്ങി. കോന്നി കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്ന് എട്ട് ഷെഡ്യൂളുകളായി ബസുകൾ സർവ്വീസ് ആരംഭിച്ചു. ഉച്ച സമയങ്ങളിൽ യാത്രക്കാർ കുറവായിരിക്കും എന്നതിനാൽ രാവിലെയും വൈകുന്നേരവുമായാണ് സർവ്വീസ് ക്രമീകരിച്ചിരുന്നത്.
കോന്നി – ഊട്ടുപാറ, കോന്നി – കോട്ടാംപാറ, കോന്നി – മാങ്കോട്, കോന്നി – കരിമാൻതോട്, കോന്നി – തണ്ണിത്തോട്, കോന്നി – ഒറ്റത്തേക്ക് – അടൂർ, കോന്നി – പത്തനംതിട്ട – കലഞ്ഞൂർ റൂട്ടുകളിലേക്കാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വകാര്യ ബസുകളും മലയോര മേഖലയിൽ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. രണ്ട് പേർ സഞ്ചരിക്കുന്ന സീറ്റിൽ ഒരാളും മൂന്ന് പേർ സഞ്ചരിക്കുന്ന സീറ്റിൽ രണ്ട് പേരും മാത്രം ഇരുന്ന് മാത്രമേ യാത്ര പാടുള്ളൂ.