പോത്തൻകോട് : വട്ടപ്പാറ മരുതൂർ വളവിൽ പാലത്തിനു സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ കൂട്ടിയിടിച്ചു. ഇരുബസിലുമുള്ള ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഉൾപ്പെടെ 50 പേർക്ക് പരുക്ക്. പുനലൂർ – തിരുവനന്തപുരം ബസിലെ ഡ്രൈവർ ഷിയാസ് മുഹമ്മദ്, കണ്ടക്ടർ ബിജുജോർജ്, തിരുവനന്തപുരം -കോട്ടയം ബസിലെ ഡ്രൈവർ ബാബുപീറ്റർ, കണ്ടക്ടർ എസ്.മിനി, പോലീസ് ട്രെയിനിങ് കോളേജ് ജീവനക്കാരി ഉഷാകുമാരി, അതുൽജോൺ, ബാബു എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ 7.15 ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസിന്‍റെ ബ്രേക്കിന് തകരാർ സംഭവിച്ചെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട് തെറ്റായ ദിശയിൽ വന്ന ബസ് എതിർദിശയിൽ കോട്ടയത്തേക്കു പോകുകയായിരുന്ന ബസിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരുബസിലെയും യാത്രക്കാർക്ക് കമ്പിയിലും മറ്റും ഇടിച്ച് മുഖത്തും തലയ്ക്കും കൈകാലുകൾക്കുമെല്ലാം പരുക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് എസ്എച്ച്ഒ എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ വട്ടപ്പാറ പോലീസും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായി 25 പേരെ മെഡിക്കൽകോളജ് ആശുപത്രിയിലും 25 പേരെ അപകടം നടന്ന സ്ഥലത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.