കൊല്ലം : യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായം തേടി കെഎസ്‌ആര്‍ടിസി. സാധാരണ യാത്രക്കാര്‍ ഏറെയും ആശ്രയിക്കുന്നത് ഓര്‍ഡിനറി ബസുകളെയാണ്. ഇതിന്‍റെ ഭാഗമായി ഓര്‍ഡിനറി സര്‍വീസുകള്‍ സൗകര്യപ്രദമായി പുനഃക്രമീകരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജോലി ആവശ്യത്തിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കായി പ്രധാന നഗരങ്ങളിലേക്കു ഗ്രാമീണ റോഡുകള്‍ വഴി കൂടുതല്‍ ബസുകള്‍ ഓടിക്കും.
ചാത്തന്നൂര്‍ ഡിപ്പോയില്‍ നിന്നു പരവൂര്‍ – പുനലൂര്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന ഓഫിസുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയാകും ഇനി സര്‍വീസ് ഡെസ്റ്റിനേഷന്‍. പുനലൂരില്‍ നിന്നു കൊല്ലം ബോര്‍ഡ് വച്ചു കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്കു വന്നിരുന്ന ബസ് ഇനി മുതല്‍ കൊല്ലം സിവില്‍ സ്റ്റേഷന്‍ ബോര്‍ഡ് വച്ചായിരിക്കും സര്‍വീസ് നടത്തുക.
സര്‍വേ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ ആദ്യം തലസ്ഥാന ജില്ലയിലാണു കൂടുതലായി നടപ്പാക്കുക. കൊല്ലം ജില്ലയില്‍ പരീക്ഷണാര്‍ഥം ചില സര്‍വീസുകള്‍ ഓടിച്ചു നോക്കിയതിനു ശേഷമായിരിക്കും വിവിധ ഡിപ്പോകളില്‍ നിന്നുള്ള ഇത്തരം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക.