തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍ദ്ദേശം നല്കി.
കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഡ്രൈവറുടെ കാബിന് പ്രത്യേക സംവിധാനം ഉപയോഗിച്ചു വേര്‍തിരിക്കും. യാത്രക്കാരില്‍നിന്നു സുരക്ഷാ അകലം പാലിക്കുന്നതിനും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ബസുകളില്‍ ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പുര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സര്‍വീസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ആവശ്യമെന്നുകണ്ടാല്‍ മറ്റുസ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. കോവിഡിന്റെ സാഹചര്യത്തില്‍ ജോലിചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാമെന്നും അവരുടെ മനോവീര്യം ഉയര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.