തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന് സി എം ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വിവാദ പ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കെ എസ് ആര്‍ ടിയിലെ പരിഷ്കരണ നടപടികള്‍ സര്‍ക്കാരിന്റെ അജണ്ടയിലുളളതാണെന്നും തൊഴിലാളി സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ബാക്കി എല്ലാ കാര്യത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് തൊഴിലാളി യൂണിയനുകളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം വൈകുന്നേരം ബിജു പ്രഭാകര്‍ വീണ്ടും മുഖ്യമന്ത്രിയെ കാണും. സ്ഥാപനത്തില്‍ നടന്ന തിരിമറികള്‍ തുറന്നുകാട്ടി കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഏറെ വിവാദമായിരുന്നു.
2012 – 2015 കാലയളവില്‍ 100 കോടിരൂപ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലര്‍ കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പത്തുശതമാനത്തോളം പേര്‍ മാത്രമാണ് കുഴപ്പക്കാരെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ഇന്നലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ഫേസ്ബുക്കിലൂടെ അഭിസംബോധന ചെയ്യുന്നവേളയിലും ബിജുപ്രഭാകര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ ക്ളിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തി നേരിട്ട് വിശദീകരണം തേടിയത്.