തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഫെബ്രുവരി മാസത്തിലെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്തു. 40 കോടി ചെലവിട്ട് ശമ്പളത്തിന്റെ ആദ്യഗഡു നേരത്തെ വിതരണം ചെയ്തിരുന്നു. ബാക്കി തുകയാണ് വ്യാഴാഴ്ച കൈമാറിയത്. സര്‍ക്കാരില്‍ നിന്നും 30 കോടി രൂപ സഹായമായി ലഭിച്ചതും, ഇന്ധനത്തിനും സ്പെയര്‍പാര്‍ട്സിനും കരുതിയിരുന്ന തുകയില്‍ നിന്നും ബാക്കി 10 കോടി രൂപ കോടി എടുത്താണ് ഫെബ്രുവരിമാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ആകെ 42 കോടി രൂപയാണ് വിതരണം ചെയ്തത്. ഒരുമാസം ഏകദേശം 5 കോടിയിലധികം രൂപ ബദൽ ഡ്രൈവര്‍ / കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കായി ചെലവഴിക്കുന്നുണ്ട്. ജനുവരിയിലെ 20 കോടി രൂപയും, ഫെബ്രുവരിയിലെ 20 കോടി രൂപയും ചേര്‍ത്ത് 40 കോടി രൂപ സര്‍ക്കാരില്‍ നിന്നും ഇനി കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കാനുണ്ട്.
ഈ തുക ലഭ്യമായാലേ കെഎസ്‌ആര്‍ടിസിക്ക് മാര്‍ച്ച് മാസത്തെ ദൈനം ദിന ചെലവുകള്‍ നടത്താനാകുകയുള്ളൂ. യൂണിയനുകളുടെ എതിര്‍പ്പ് ഉണ്ടായിട്ടും ശമ്പളം ഗഡുക്കളായി മാത്രമേ നല്‍കാനാകുളളു എന്ന മാനേജിങ്ങ് ഡയറക്ടറുടെ നിലപാടാണ് ഇവിടെ വിജയിച്ചത്. ആദ്യ ഗഡു ഒരോമാസവും അഞ്ചാം തീയതിയും രണ്ടാം ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്കും നല്‍കാമെന്നായിരുന്നു എം.ഡി ബിജു പ്രഭാകറിന്റെ പ്രഖ്യാപനം.
അത് പാലിച്ചാണ് ഫെബ്രുവരിയിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ശമ്പളം ഗഡുക്കളായി നല്‍കുന്നത് പതിവാക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ഗഡുക്കളായി ശമ്പളം ആവശ്യമുളളവര്‍ സമ്മതപത്രം നല്‍കണമെന്ന് മാനേജ്മെന്റ് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ അത് നല്‍കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ജീവനക്കാര്‍ അത് ചെവിക്കൊണ്ടില്ല. അതിന്റെ ജാള്യമുളളതിനാല്‍ പരസ്യനിലപാടിലേക്ക് വരാന്‍ യൂണിയനുകള്‍ക്കും മടിയുണ്ട്.