ന്യൂഡല്‍ഹി : കെ.എസ്.ആർ.ടി.സി പെന്‍ഷന്‍ സ്കീം തയ്യാറാക്കുന്നതില്‍ ഗതാഗത സെക്രട്ടറിക്ക് മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. എട്ട് ആഴ്ച്ചയ്ക്ക് ഉള്ളിൽ സ്‌കീം തയ്യാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സ്ഥിരപ്പെടുന്നതിന് മുന്‍പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന കാലഘട്ടം കൂടി പെൻഷനായി പരിഗണിക്കുന്നതിനാണ് കെ.എസ്.ആര്‍.ടി.സി പുതിയ സ്‌കീം തയ്യാറാക്കുന്നത്. സ്‌കീം തയ്യാറാക്കാൻ നേരത്തെ സുപ്രീം കോടതി കെ.എസ്.ആർ.ടി.സിക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ ഇത് വരെയും സ്‌കീം തയ്യാറാക്കാത്തതിനാൽ ആണ് ഗതാഗത സെക്രട്ടറിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.
പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി കെ.എസ്.ആര്‍.ടി.സി ആരംഭിച്ചിരുന്നു. വിവിധ ഡിപ്പോകളുമായി ആശയവിനിമയം നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.