കോഴിക്കോട് : കെ.എസ്.ആര്.ടി.സിക്ക് മാത്രമല്ല, വേണ്ടിവന്നാല്‍ നാട്ടുകാര്‍ക്കും പെട്രോളും ഡീസലുമൊക്കെ കൊടുത്തുകളയും എന്നുപറഞ്ഞ് കൊട്ടും കുരവയുമൊക്കെയായി തുടങ്ങിയതാ.. പറഞ്ഞിട്ടെന്തു കാര്യം കെ.എസ്.ആര്.ടി.സിയല്ലേ… പതിവുപോലെ ആ പദ്ധതിയും കട്ടപ്പുറത്തായി. കഴിഞ്ഞ സെപ്റ്റംബര്‍ 16നായിരുന്നു കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ ഡീസല്‍ പമ്പില്‍ നിന്ന് നാട്ടുകാര്‍ക്കും ഇന്ധനം നല്‍കാനുള്ള പദ്ധതി തുടങ്ങിയത്. നിലവിലുണ്ടായിരുന്ന ഡീസല്‍ യൂനിറ്റിനോട് പെട്രോള്‍ യൂനിറ്റുകൂടി ഉള്‍പ്പെടുത്തിയായിരുന്നു നാട്ടുകാര്‍ക്ക് എണ്ണ വിതരണം ചെയ്തത്. 24 മണിക്കൂറും എണ്ണയടിക്കാമെന്ന് വലിയ ബോര്‍ഡും വന്നു. അടുത്ത ഘട്ടത്തില്‍ ഡീസലും ആവശ്യക്കാര്‍ക്ക് നല്‍കുമെന്നും പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍, ഏതാനുംനാള്‍ പെട്രോള്‍ വിതരണം ചെയ്ത പമ്പിനു മുന്നില്‍ ഇപ്പോള്‍ ഒരു ബോര്‍ഡുയര്‍ന്നിട്ടുണ്ട്, പെട്രോള്‍ വിതരണം നിര്‍ത്തിയതായി.
പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ളതും മായമില്ലാത്തതുമായ പെട്രോളിയം ഉല്പന്നങ്ങള് നല്‍കുകയും അതുവഴി കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി (ഐ.ഒ.സി) ചേര്‍ന്ന് സര്‍ക്കാര്‍ ആരംഭിച്ച ‘യാത്ര ഫ്യൂവല്‍’ പദ്ധതിയുടെ ഭാഗമായാണ് മാവൂര്‍ റോഡിലെ ബസ് സ്റ്റാന്‍ഡിലും പൊതുജനങ്ങള്‍ക്ക് പെട്രോളടിക്കാന്‍ അവസരം തുറന്നത്. കുറച്ചുദിവസം പെട്രോള്‍ വിറ്റെങ്കിലും നാട്ടുകാരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. മിനിമം 4,000 ലിറ്ററെങ്കിലും വിറ്റഴിച്ചില്ലെങ്കില്‍ പദ്ധതി നഷ്ടമാകുമെന്നായിരുന്നു ഐ.ഒ.സിയുടെ നിലപാട്. കഷ്ടിച്ച് 1,000 – 1,500 ലിറ്ററിനപ്പുറം കച്ചവടം പൊടിപൊടിച്ചില്ല. അതോടെ ഐ.ഒ.സി ഇടപാട് നിര്‍ത്തി. പെട്രോള്‍ വില്‍ക്കുന്നില്ലെന്ന് വൈകാതെ ബോര്ഡുമുയര്ന്നു. ഡീസല്‍ കെ.എസ്.ആര്.ടിക്കുപോലും തികയുന്നില്ല. പിന്നെവിടുന്നെടുത്ത് നാട്ടുകാര്‍ക്ക് കൊടുക്കും. ആ ആശങ്കക്ക് പരിഹാരമാവാത്തതിനാല്‍ എന്തായാലും ഡീസല്‍ കച്ചവടത്തില്‍ കൈവെച്ചില്ല.
കോഴിക്കോട് നഗരത്തിന്റെ കണ്ണായ സ്ഥലം. കൊടുക്കാമെന്ന് പറയുന്നത് മായമില്ലാത്ത പെട്രോള്‍. എന്നിട്ടും എണ്ണക്കച്ചവടം ക്ലച്ച് പിടിക്കാതെ പോയതില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിനുള്ള പങ്ക് ചെറുതല്ല. ബസിന് പോലും മര്യാദക്ക് നിന്നുതിരിഞ്ഞ് ഡീസലടിക്കാന്‍ കഴിയാത്തവിധം ഊരാക്കുടുക്കുപോലൊരിടത്താണ് പമ്പ് സ്ഥിതി ചെയ്യുന്നത്. അതിനിടയിലേക്ക് പൊതുജനങ്ങള്‍ കൂടി വാഹനവുമായി വന്നാലുള്ള അവസ്ഥ എന്താകും. ഇപ്പോള്‍ തന്നെ ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടുന്ന മാവൂര്‍ റോഡിന്റെ കാര്യം പറയാനില്ല. സ്റ്റാന്‍ഡിന്റെ പടിഞ്ഞാറുഭാഗത്ത് ഇത്തിരിപ്പോന്ന ഇടുങ്ങിയ സ്ഥലത്താണ് പമ്പ്. തൊട്ടടുത്ത ഹോട്ടലില്‍ വരുന്ന വാഹനങ്ങള്‍ക്കും വളച്ചെടുക്കാന്‍ പെടാപ്പാടുപെടുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും ഇടയിലൂടെ സ്റ്റാന്‍ഡിലെ പമ്പില്‍ കയറി കുടുങ്ങാന്‍ വാഹന ഉടമകള്‍ മടിച്ചതും കച്ചവടം പൊളിയാന്‍ കാരണമായി.
ബസുകള്ക്കുപോലും നേരാംവണ്ണം കയറിയിറങ്ങാന്‍ പെടാപ്പാടുപെടേണ്ടിവരുന്ന, ബലക്ഷയത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ബസ് സ്റ്റാന്‍ഡിന്റെ ദുഷ്പേര് ചീത്തയാകാന്‍ മാത്രമേ നാട്ടുകാര്‍ക്കായി തുടങ്ങിയ എണ്ണക്കച്ചവടം സഹായിച്ചുള്ളുവെന്ന് ചില ജീവനക്കാര്‍ അടക്കം പറയുന്നുണ്ട്.