കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്ക് മുതലെടുത്ത് സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘം സജീവമാകുന്നതായി പരാതി. കലക്ടറേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിലെ രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് വ്യത്യസ്ത ദിവസങ്ങളിലായി ബസിൽനിന്ന് മോഷണം പോയത്. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടമായത്. ബസിൽ തിരക്കേറുന്ന സമയത്ത് സ്ത്രീ യാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം.
തിക്കിത്തിരക്കിനിടെ ബാഗ് പിടിച്ചുതരാമെന്ന് പറഞ്ഞ് സീറ്റിലിരിക്കുന്നവർ കൈ നീട്ടിയാലും പരിചയമില്ലാത്തവർക്ക് ബാഗ് കൈമാറരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.ഫോണുകൾ മോഷണം പോയ ബസുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ല. സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.




























