തിരുവനന്തപുരം : ഗതാഗത നിയമം ലംഘിച്ചതിന് അഞ്ചു വർഷത്തിനിടെ കെഎസ്ആർടിസി റദ്ദാക്കിയത് 259 ഡ്രൈവർമാരുടെ ലൈസൻസ്. മദ്യപിച്ചുള്ള ഡ്രൈവിങ് , അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, എന്നിവയാണ് ലൈസെൻസ് റദ്ദ് ചെയ്യാൻ കാരണം. ലോക്‌ഡൗൺ കാലഘട്ടമായിരുന്ന 2020-ൽ മാത്രമാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കെതിരേ നടപടി വരാതിരുന്നത്.
2016 മേയ് മുതൽ 2021 ഏപ്രിൽ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നൽകിയത്. ഈ കാലഘട്ടത്തിൽ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുൻപന്തിയിലാണ്. 2016 മുതൽ 2021 ജൂലായ് വരെ 2,05,512 അപകടങ്ങളിലായി 22076 പേരാണ് മരിച്ചത്. കൂടാതെ 2,29,229 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തിൽ കുറവായിരുന്ന 2020-ൽ 883 പേർക്കാണ് നിയമ നടപടിയിലൂടെ ലൈസൻസ് നഷ്ടമായത്. ഈ വർഷം ഏപ്രിൽ വരെ മാത്രം 997 പേരുടെ ലൈസൻസ് നഷ്ടമായി.